ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ് നിർമ്മാണത്തിന് രണ്ട് കോടി: ടെൻഡർ നടപടികൾ ഈ മാസം പൂർത്തിയാകും
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പുതിയ പേ വാർഡ് സമുച്ചയം വരുന്നു. എം.എൽ.എ കെ. പ്രേംകുമാറിന്റെ വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടെ നാല് നിലകളിലായാണ് പുതിയ പേ വാർഡ് കെട്ടിടം നിർമ്മിക്കുക. പദ്ധതി രേഖയ്ക്ക് അന്തിമരൂപം നൽകുന്നതിനായി പൊതുമരാമത്ത് (കെട്ടിട നിർമ്മാണ വിഭാഗം) എഞ്ചിനീയറും സംഘവും താലൂക്ക് ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രതിദിനം ആയിരത്തി അഞ്ഞൂറിലധികം രോഗികൾ ചികിത്സ തേടുന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ശരാശരി നൂറോളം പേർ കിടത്തിച്ചികിത്സയിലുണ്ട്. നേത്ര ശസ്ത്രക്രിയ, മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ, വിവിധതരം കീഹോൾ ശസ്ത്രക്രിയകൾ എന്നിവ വിജയകരമായി നടത്തുന്ന ഇവിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രോഗികൾ ചികിത്സയ്ക്കായി എത്തുന്നുണ്ട്. മികച്ച ചികിത്സ തേടിയെത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പേ വാർഡ് ഗുണകരമാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പത്മനാഭൻ വ്യക്തമാക്കി.
- Log in to post comments