Skip to main content

'കൊച്ചി കാർണിവൽ' : വിപുലമായി ആഘോഷിക്കാനൊരുങ്ങി ജില്ല

*മുന്നൊരുക്ക യോഗം ചേർന്നു

ഫോർട്ട് കൊച്ചിയിൽ നടക്കുന്ന പുതുവത്സരാഘോഷമായ 'കൊച്ചിൻ കാർണിവൽ ' കൂടുതൽ വിപുലമായി നടത്തുമെന്ന് പരിപാടിയുടെ മുന്നൊരുക്കയോഗം. മുഹമ്മദ് ഷിയാസ് എം എൽ എ, ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ ജില്ലാകളക്ടറുടെ ചേംബറിലാണ് യോഗം ചേർന്നത്. കഴിഞ്ഞവർഷം ഏഴു മുതൽ എട്ട് ലക്ഷത്തോളം ആളുകൾ കാർണിവലിൽ പങ്കെടുത്തിരുന്നു. ഇത്തവണ അതിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു. വെളി ഗ്രൗണ്ട്, വാസ്കോഡഗാമ ബീച്ച്, പരേഡ് ഗ്രൗണ്ട് എന്നീ വേദികളിൽ സാസ്കാരിക പരിപാടികൾ അരങ്ങേറും. കുടുംബങ്ങൾ, കുട്ടികൾ, യുവജനങ്ങൾ എന്നിവർക്ക് ആഘോഷമാക്കാവുന്ന രീതിയിൽ വിവിധ കലാപരിപാടികളും, ദൃശ്യ വിസ്മയങ്ങളുമെല്ലാം ചേർത്തായിരിക്കും ഇത്തവണത്തെ കാർണിവലെന്ന് എം എൽ എ പറഞ്ഞു.

ഓരോ വേദിയിലും കുടിവെള്ള ലഭ്യത, ശുചിമുറി സംവിധാനം, പാർക്കിങ് , ബസ് സർവീസ് എന്നിവയ്ക്ക് പൊതു സംവിധാനം ഏർപ്പെടുത്തണമെന്നും എം എൽ എ പറഞ്ഞു. ജില്ലാ കളക്ടർ ഓരോ വകുപ്പിനും നൽകിയിട്ടുള്ള ചുമതലകൾ യോഗത്തിൽ വിലയിരുത്തി. ക്രമസമാധാനം ഉറപ്പു വരുത്തുന്നതിന് പൊലീസ് വകുപ്പിനെ ചുമതലപ്പെടുത്തി. വേദികളിലെ സുരക്ഷാ സംവിധാനങ്ങളും, അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും, പാർക്കിങ് പ്ലാനും പൊലീസ് വകുപ്പ് തയ്യാറാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസ്, ആരോഗ്യ പ്രവർത്തകർ, അടിയന്തര വൈദ്യ സഹായം എന്നിവ ലഭ്യമാക്കും. ഫുഡ് സേഫ്റ്റി സ്ക്വാഡുകളുടെ സേവനം കാ‍ർണിവൽ ദിവസങ്ങളിൽ ഉറപ്പു വരുത്തും. ആവശ്യത്തിന് ബയോടോയ്ലറ്റുകൾ വേദികളിൽ ഉറപ്പു വരുത്തുന്നതിന് കൊച്ചി നഗരഭാ സെക്രട്ട‌റിയെ ചുമതലപ്പെടുത്തി. വഴി വിളക്കുകൾ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ടെന്നും, എല്ലാ വിളക്കുകളും കത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകി. ബസുകളുടെ സമയക്രമീകരണം, ആവശ്യമായ ബസുകൾക്ക് ടെംപററി പെർമിറ്റ് നൽകൽ തുടങ്ങിയവ കെ എസ് ആർ ടി സി ഏർപ്പെടുത്തും. റോറോ ബോട്ടുകൾ രാത്രി ഏഴ് വരെ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തും. രാത്രി മുതൽ രാവിലെ വരെ വേദികളിൽ നിന്ന് ജനങ്ങളെ തിരികെ എത്തിക്കുന്നതിന് സർവീസ് ഉണ്ടായിരിക്കും. സുരക്ഷാ മാനദണ്ഡം പാലിച്ചായിരിക്കും രാത്രിയിലെ റോ റോ സർവീസിന്റെ പ്രവർത്തനം. ഗതാഗത വകുപ്പിന്റെ ആറ് ബോട്ടുകളും ആളുകളെ പുറത്തെത്തിക്കുന്നതിനായി സർവീസ് നടത്തും. ബോട്ട് ജെട്ടിയിൽ ലൈറ്റിംഗ് സംവിധാനവും, പൊലീസിന്റെ സാന്നിധ്യവുമ ഉറപ്പുവരുത്തും. അനുവദനീയമായ ആളുകളെ മാത്രമേ ബോട്ടുകളിൽ കയറ്റാൻ അനുവദിക്കൂ. സ്റ്റേജുകളുടെ സുരക്ഷ, ഫയർ ഇൻസ്പെക്ഷൻ, ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ എന്നിവ കൃത്യമായി പൂർത്തിയാക്കണം. വൈദ്യുത തടസമില്ലാതിരിക്കാൻ കെ എസ് ഇ ബി യെ ചുമതലപ്പെടുത്തി. സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ മുൻകൂറായി പൂർത്തിയാക്കണം. വേദികളിലും, ബീച്ചിലും മുഴുവൻ സമയവും കുടിവെള്ളം ഉറപ്പുവരുത്താൻ കേരള വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. അസ്ക ലൈറ്റുകൾ, ഫയർ എക്സറ്റിംഗ്വിഷറുകൾ, ഡിങ്കി, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നീ സൗകര്യങ്ങൾ വേദികളിൽ സജ്ജമാക്കും. എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കും.

ഡിസംബർ 27 മുതൽ 31 വരെയുള്ള അവസാന അഞ്ചു ദിവസങ്ങളിലായിരിക്കും പ്രധാനപ്പെട്ട പരിപാടികൾ നടക്കുന്നത്. ജനങ്ങൾ കൂടുതലായി എത്തിച്ചേരാൻ സാധ്യതയുള്ള ദിവസങ്ങൾ എല്ലാ വകുപ്പുകളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും എം എൽ എ യും, ജില്ലാ കളക്ടറും യോഗത്തിൽ നിർദ്ദേശം നൽകി. ഡിസംബർ രണ്ടാംവാരം വകുപ്പുകൾ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ യോഗം ചേർന്ന് വിലയിരുത്തും.

യോഗത്തിൽ അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ഡി സി പി മോഹിത് റാവത്, എ സി പി അജിത് കുമാർ, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡി.ഡി.എം.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ജോസഫ് സ്റ്റീഫൻ റോബി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കാർണിവൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date