Skip to main content

ജില്ലയില്‍ ഭരണഭാഷാ വാരാഘോഷത്തിന് സമാപനം

ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം സമാപിച്ചു. ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനും അധ്യാപകനുമായ വീരാന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി. മാതൃഭാഷയുടെ സ്വാധീനവും പ്രാധാന്യവും പ്രഭാഷണത്തിലൂടെ വിശദീകരിച്ച വീരാന്‍ കുട്ടി ജൈവികമായ ആഖ്യാനങ്ങളും മാതൃത്വവും വിവരിക്കാന്‍ ഒരാള്‍ക്ക് മാതൃഭാഷ തന്നെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. സ്വന്തം കവിതകളും അദ്ദേഹം ചടങ്ങില്‍ ആലപിച്ചു.  
 
ഔദ്യോഗിക ഫയലുകളിലും കുറിപ്പുകളിലും മലയാളം കൂടുതല്‍ കൃത്യതയോടെയും ഭാഷാശുദ്ധിയോടെയും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ മലയാള ദിനവും ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചത്. വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി  നടത്തിയ കണ്ടെഴുത്ത്, കേട്ടെഴുത്ത്, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

നവംബര്‍ ഒന്നിന് മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനവും സാക്ഷരത മിഷന്‍ പച്ചമലയാളം കോഴ്സ് മൂന്നാം ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനവും കോട്ടപ്പടി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.എ.പി. അഹമ്മദുല്‍ കബീര്‍ നിര്‍വഹിച്ചതോടെയാണ് ഭരണ ഭാഷാ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായത്.

സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് ചോല സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ എം.പി. അബ്ദുറഹ്‌മാന്‍ ഹനീഫ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികളും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

date