Skip to main content

സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് യോഗം ചേർന്നു

ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കുന്നതിനായുള്ള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്റെ (എസ്ഡബ്ല്യൂസിബി) ജില്ലാതല യോഗം ചേർന്നു. ബോർഡ് ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ അഞ്ജു കെ.എസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സംരംഭകർ ഉന്നയിച്ച പരാതികളും അനുമതികൾ ലഭിക്കുന്നതിലെ കാലതാമസവും വിശദമായി ചർച്ച ചെയ്തു.

മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ അനുമതികൾ, ഫാമുകളുടെ പ്രവർത്തനാനുമതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള കെട്ടിട നമ്പർ, ലൈസൻസ് എന്നിവ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കൽ എന്നിവ യോഗം പരിശോധിച്ചു. കെ-സ്വിഫ്റ്റ് (K-SWIFT) ഓൺലൈൻ സംവിധാനത്തിൽ സമർപ്പിച്ച അപേക്ഷകളുടെ തീർപ്പാക്കലും യോഗം വിലയിരുത്തി.

ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും അനുമതി ലഭിക്കാത്ത അപേക്ഷകളിൽ ചട്ടപ്രകാരമുള്ള നടപടികൾ വേഗത്തിലാക്കാനും, അനാവശ്യമായ രേഖകൾ ആവശ്യപ്പെട്ട് സംരംഭകരെ ബുദ്ധിമുട്ടിക്കാതിരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. പരിസ്ഥിതി, ആരോഗ്യ, കാർഷിക മേഖലകളുമായി ബന്ധപ്പെട്ട പരാതികളിൽ വസ്തുതാപരമായ പരിശോധന നടത്തി നിയമാനുസൃതമായ തീരുമാനമെടുക്കണമെന്നും യോഗം നിർദേശിച്ചു. 

ജനപ്രതിനിധികളും വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, മലിനീകരണനിയന്ത്രണ ബോർഡ്, കേരള വാട്ടർ അതോറിറ്റി, തിരുവനന്തപുരം കോർപ്പറേഷൻ, വിവിധ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിയിരുന്നു.

date