Skip to main content

സംസ്ഥാനതല സാങ്കേതിക ശിൽപശാലയും ലോക നഗരാസൂത്രണ ദിനാചരണവും 11 ന്

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ (പ്ലാനിംഗ്) ആഭിമുഖ്യത്തിൽ സംസ്ഥാനതല സാങ്കേതിക ശിൽപശാലയും 2026-ലെ ലോക നഗരാസൂത്രണ ദിനാചരണവും നവംബർ 11 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കും. 'മികച്ച സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നത് ആസൂത്രണത്തിലൂടെയാണ്' എന്നതാണ് ഈ വർഷത്തെ  പ്രമേയം.

രാവിലെ 10.30 ന് തദ്ദേശ സ്വയംഭരണ, നഗരാസൂത്രണ വകുപ്പ് മന്ത്രി  കെ. എം. ഷാജി ചടങ്ങ് ഉദ്ഘാടനം  ചെയ്യും.  '100 സ്പേഷ്യൽ പ്ലാനിംഗ് ഐഡിയാസ് ഫോർ കേരള 2040'പുസ്തക പ്രകാശനവും വീഡിയോ പ്രകാശനം പുരസ്‌കാര വിതരണവും മന്ത്രി നിർവഹിക്കും. വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അധ്യക്ഷത വഹിക്കും. വകുപ്പ് സെക്രട്ടറി  എം. ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തും.

ചീഫ് ടൗൺ പ്ലാനർ (പ്ലാനിംഗ്) ആശാ അജോയ് ഘോഷ് വിഷയാവതരണം നടത്തും.   തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി  ഷാനവാസ് എസ്,  അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി, ഡയറക്ടർമാരായ  അപൂർവ ത്രിപാഠി (റൂറൽ),  (സുഫിയാൻ അഹമ്മദ് അർബൺ), ചീഫ് ടൗൺ പ്ലാനർ (ജനറൽ)  രാജേഷ് ടി. എൻ.,  മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

ശില്പശാലയുടെ ഭാഗമായി നഗര കേന്ദ്രങ്ങളുടെ പുനരുജ്ജീവനം, വിവിധ വകുപ്പുകളുടെ സംയോജിത പ്രാദേശിക ആസൂത്രണം എന്നിവയെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സംവാദങ്ങളും, എക്സിബിഷനും ക്രമീകരിക്കും. എക്സിബിഷൻ കാണുന്നതിന് ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും. 14 ജില്ലകളുടെ റീൽ പ്രദർശനവും തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

പി.എൻ.എക്‌സ്. 4714/2026

date