ഭൂപ്രകൃതിക്കിണങ്ങിയ നഗരാസൂത്രണം അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി
ലോക നഗരാസൂത്രണ ദിനാഘോഷം സംഘടിപ്പിച്ചു
പത്തനംതിട്ടയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് അനുയോജ്യമായ നഗരാസൂത്രണം ജില്ലയില്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ലോക നഗരാസൂത്രണ ദിനത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരാസൂത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ല രൂപീകൃതമായി 44 വര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇനിയും മുന്നേറാനുണ്ട്. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാല്‍ ജില്ലയിലെ നഗരങ്ങളില്‍ മികച്ചമാറ്റങ്ങള് കൊണ്ടുവരാന്‍ സാധിക്കും. ലഭ്യമായ സ്ഥലങ്ങളില്‍ ശരിയായ ആസൂത്രണമില്ലാതെ കെട്ടിടങ്ങളും ശൗചാലയങ്ങളും നിര്‍മിക്കുന്ന രീതിക്ക് മാറ്റം വരണം. റിംഗ് റോഡ് വികസനം പ്രയോജനപ്പെടുത്തിയും വിനോദത്തിനും മാനസിക ഉല്ലാസത്തിനുമുള്ള അനുയോജ്യമായ പാര്‍ക്കുകള്‍ നിര്‍മിച്ചും നഗരത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു. നഗരാസൂത്രണ പദ്ധതികളും പഠനങ്ങളും കടലാസില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തികമാക്കാന്‍ കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാഗരാസൂത്രണത്തിലും കെട്ടിട നിര്‍മ്മാണത്തിലും സ്ഥലപരാസൂത്രണത്തിന് (Spatial Planning) വളരെ പ്രാധാന്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു. പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റോഡുകളുടെ ഇരുവശങ്ങളില്‍ മാത്രം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന പരമ്പരാഗത രീതിക്ക് പകരം, കൃത്യമായി ഭൂമി തരംതിരിച്ച് വസതികളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കണം. ഭാവിയിലെ വികസനവും സാധ്യതകളും ആവശ്യതകളും കാലാവസ്ഥാ പ്രതിരോധവും മുന്നില്‍കണ്ടാവണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്ലാനിംഗ് വിദഗ്ധന്‍ ജോര്‍ജ് കോശി നഗരാസൂത്രണദിന സന്ദേശം നല്കി. ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍ സ്വാഗതം ആശംസിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ ഷംല ബീഗം, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോര്‍ജ് എം വര്‍ഗീസ്, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി കെ സയൂജ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി എസ് പ്രീത്, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു വേലായുധന് തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക നഗരാസൂത്രണ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.
- Log in to post comments