Skip to main content

ബാലാവകാശ സംരക്ഷണത്തിന് വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ കെ.കെ. ഷാജുവും ടി.സി ജലജ മോളും* *ബാലനീതി, പോക്സോ, ആർ.ടി.ഇ. കർത്തവ്യവാഹകരുടെ ജില്ലാ തല അവലോകന യോഗം ചേർന്നു*

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പുതിയ പദ്ധതികൾക്ക് പകരം നിലവിലുള്ള സംവിധാനങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ  കെ.കെ. ഷാജുവും ടി സി ജലജ മോളും പറഞ്ഞു. തൃശ്ശൂർ കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗങ്ങൾ.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റിസോഴ്സ് പൂളിംഗും നീഡ്സ് അസ്സസ്മെന്റും നടത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രാദേശിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പഞ്ചായത്തുകളിൽ നിന്ന് തന്നെ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്താനും, പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് പ്രതിരോധ ഇടപെടലുകളിലൂടെ പരിഹാരം കാണാനും സാധിക്കണമെന്നും നിർദ്ദേശിച്ചു.

അവകാശങ്ങൾക്കൊപ്പം ഉത്തരവാദിത്തങ്ങളും പൗരബോധവും (സിവിക് സെൻസ്) പ്രൈമറി ക്ലാസ് മുതൽ പകർന്നുനൽകുന്ന 'ബാലാവകാശ സാക്ഷരത' പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കുട്ടികളുടെ അഭിപ്രായങ്ങൾ പരിഗണിച്ചും മാനസിക പിന്തുണയും നിയമസഹായവും ഉറപ്പാക്കിയും മുന്നോട്ട് പോകണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും  ബാലസുരക്ഷാ സമിതികളുടെയും ഇടപെടൽ സജീവമാക്കണമെന്നും യോഗം വിലയിരുത്തി. കുട്ടികളുടെ സന്തോഷത്തിനും  സുരക്ഷിതത്വത്തിനുമാണ് ഏറ്റവും വലിയ മുൻഗണനയെന്നും അവർ കൂട്ടിച്ചേർത്തു. വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ടാക്കി സമർപ്പിക്കുമെന്നും കമ്മിഷൻ അംഗങ്ങൾ പറഞ്ഞു.

വിവിധ വകുപ്പുകളുടെ പദ്ധതികൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനായി തുടർയോഗങ്ങളും അവലോകനങ്ങളും ചേരുമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ യോഗത്തിൽ വ്യക്തമാക്കി.

ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജമോൾ ടി.സി., ഡെപ്യൂട്ടി കളക്ടർ ജയന്തി സി.ആർ., ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ. വിനീത കെ.എം., സി.ഡബ്ല്യു.സി. അംഗം ആശ ആർ.കെ., ജില്ലാ ശിശു സംരക്ഷണ ഓഫീസർ സൗമ്യ ആർ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

date