പൊയ്യ അഡാക്ക് ഫിഷ് ഫാം ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം കേന്ദ്രമാക്കും: മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ* *പൊയ്യ ഫിഷ് ഫാം മന്ത്രിമാർ സന്ദർശിച്ചു*
പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ (മോഡൽ ഷ്രിംപ് ഫാം) അക്വാകൾച്ചർ മേഖലയ്ക്ക് യാതൊരു കോട്ടവും തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി നടപ്പിലാക്കി ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുമെന്ന് ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഫാമിനെ ഒരു വർഷത്തിനുള്ളിൽ ഏറ്റവും ലാഭകരമായ സ്ഥാപനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഇതിനായി കൺസൾട്ടൻസി സഹായത്തോടെ ഇ.ഒ.ഐ. വിളിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാമിൽ ഉൽപാദിപ്പിക്കുന്ന മത്സ്യത്തിന്റെ ഗുണം ആദ്യം നാട്ടുകാർക്ക് ലഭിക്കണമെന്നും, ചെറുകിട യൂണിറ്റുകൾ വഴി വർഷം മുഴുവൻ മിതമായ നിരക്കിൽ മത്സ്യം ജനങ്ങളിലേക്ക് എത്തിക്കാനും പ്രാദേശിക സംരംഭകർക്ക് തൊഴിൽ നൽകാനും കഴിയുന്ന രീതിയിൽ വിപണന സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 3.8 കിലോമീറ്റർ ചുറ്റളവുള്ള ഫാമിന്റെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തി, നാട്ടുകാരെത്തന്നെ പ്രധാന ഗുണഭോക്താക്കളും നടത്തിപ്പുകാരുമാക്കിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ ആരംഭിക്കുമെന്നും ഫിഷറീസ് വകുപ്പിന്റെ പൂർണ്ണ പിന്തുണ ഇതിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊയ്യ മോഡൽ ഷ്രിംപ് ഫാമിൽ യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽഎയുമായ ഒ.ജെ. ജനീഷിനൊപ്പം സന്ദർശിച്ച് നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
120 ഏക്കറിലധികം വരുന്ന പൊയ്യ അഡാക്ക് ഫാമിന്റെ നവീകരണത്തിലൂടെ പ്രദേശത്തെ സാധാരണക്കാരായ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വലിയ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ഈ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പാരിസ്ഥിതിക പ്രാധാന്യം നിലനിർത്തിക്കൊണ്ട് ഫാമിനെ ഒരു അക്വാ-ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായും ഓരുജല മത്സ്യകൃഷി പരിശീലന കേന്ദ്രമായും ഉയർത്തി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്, ഇക്കോ ഫ്രണ്ട്ലി ഫാം സ്റ്റേ, പെഡൽ ബോട്ടിംഗ്, കയാക്കിംഗ്, ആംഗ്ലിംഗ്, വിദ്യാഭ്യാസ ടൂറിസം തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഫാമിന്റെ വികസന പ്രവർത്തനങ്ങൾക്ക് എം.എൽ.എ. ഫണ്ടിൽ നിന്ന് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ആധുനിക മത്സ്യകൃഷി, തൊഴിൽ സൃഷ്ടി, ഗവേഷണം, പരിശീലനം, വിനോദസഞ്ചാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഫാമിനെ ഒരു മാതൃകാ അക്വാകൾച്ചർ കേന്ദ്രമായി വികസിപ്പിക്കുക, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണം കൂടുതൽ ആകർഷകമാക്കുക, മത്സ്യവിഭവങ്ങൾ ഉപയോഗിച്ചുള്ള ഫുഡ് പ്രോസസ്സിംഗ് പരിശീലന കേന്ദ്രം സ്ഥാപിക്കുക, വനിതാ സ്വയംസഹായ സംഘങ്ങൾക്കായി മത്സ്യ അച്ചാർ, ഉണക്കമീൻ, റെഡി-ടു-കൂക്ക് ഉൽപന്ന യൂണിറ്റുകൾ ആരംഭിക്കുക, മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിനായി മൊബൈൽ സർവീസ് തുടങ്ങുക, മത്സ്യത്തീറ്റ നിർമ്മാണത്തിനായി ചെറുകിട യൂണിറ്റും മത്സ്യകൃഷി സംരംഭകർക്കായി ഇൻക്യുബേഷൻ ആൻഡ് സ്റ്റാർട്ടപ്പ് സെന്ററും സജ്ജമാക്കുക തുടങ്ങിയ പദ്ധതികളും പാമിന്റെ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, അഡാക്ക് മാനേജിംഗ് ഡയറക്ടർ സ്മിത നായർ, ജോയിന്റ് ഡയറക്ടർമാരായ സജി എം രാജേഷ്, സുഗന്ധകുമാരി, ഫാം മാനേജർ പ്രീത പി വി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. സന്ദർശനത്തിന് ശേഷം സാഫിന്റെ (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ) കീഴിൽ പ്രവർത്തിക്കുന്ന 'നെയ്തൽ സീഫുഡ് സ്പെഷ്യൽ കിച്ചനിൽ' (നെയ്തൽ ഹോട്ടൽ) നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് മന്ത്രിമാർ മടങ്ങിയത്.. സന്ദർശനത്തിന് ശേഷം സാഫിന്റെ (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ) കീഴിൽ പ്രവർത്തിക്കുന്ന 'നെയ്തൽ സീഫുഡ് സ്പെഷ്യൽ കിച്ചനിൽ' (നെയ്തൽ ഹോട്ടൽ) നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് മന്ത്രിമാർ മടങ്ങിയത് .
- Log in to post comments