32,000 കുടുംബങ്ങൾക്ക് ഭവന നിർമ്മാണ ഗഡുക്കൾ നൽകും: മന്ത്രി കെ.എ. തുളസി* *കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിൽ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായവും 'സ്നേഹസ്പർശം' പദ്ധതികളും ഉദ്ഘാടനം ചെയ്തു*
പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക വിഭാഗ വകുപ്പുകളുടെ കീഴിൽ ഈ സാമ്പത്തിക വർഷം 32,000 കുടുംബങ്ങൾക്ക് ഭവന നിർമ്മാണ പദ്ധതിയുടെ ഒന്നും രണ്ടും ഗഡുക്കൾ വേഗത്തിൽ വിതരണം ചെയ്യുന്ന തരത്തിലുള്ള സത്വരമായ നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയ്ക്കൽ സംഗമം പാലസിൽ വെച്ച് നടന്ന ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം, വീടുകളിൽ നിന്നുള്ള സിറിഞ്ച് ശേഖരണം, മെഡിക്കൽ ക്യാമ്പ് എന്നിവയുടെ സംയുക്ത ഉദ്ഘാടനമായ 'സ്നേഹസ്പർശം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈഫ് മിഷൻ ഭവന പദ്ധതി തുക നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായും, എസ്.ടി. കുടുംബങ്ങൾക്ക് ഭവനപദ്ധതിക്കായി എട്ട് ലക്ഷമായും ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്.ടി. വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്കായി 15 ലക്ഷം രൂപ പരിധി നിശ്ചയിച്ച് 75 ശതമാനം സബ്‌സിഡി നൽകുന്ന പദ്ധതിയും, വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായവും നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അക്ഷയ വഴി അപേക്ഷിക്കുന്നവർക്ക് പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് വഴിയും അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കുന്നുണ്ട്. എസ്.സി. കുടുംബങ്ങളിലെ വരുമാനമുള്ള വ്യക്തി മരണപ്പെട്ടാൽ രണ്ട് ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിക്കുന്നുണ്ട്. ഉന്നതികളുടെ സമഗ്ര വികസനത്തിനായി 'പഞ്ചമി' (40 ലക്ഷം രൂപ), 'അംബേദ്കർ' (ഒരു കോടി രൂപ) പദ്ധതികളിലൂടെ റോഡ്, കുടിവെള്ളം, വൈദ്യുതി, വീട് നവീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. വയോജന സംരക്ഷണത്തിനായി രാജ്യത്ത് ആദ്യമായി വയോജന വകുപ്പ് രൂപീകരിച്ചതും സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതും സർക്കാരിന്റെ ജനക്ഷേമ കാഴ്ചപ്പാടിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, നാടിന്റെ വികസനത്തിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തുകൾ സാധാരണക്കാരെ ചേർത്തുപിടിച്ചു നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.വി. പ്രശാന്ത് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.പി. രാജൻ, കെ.എം. റസാക്ക്, ശൈലജ അരുൺദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണസമിതി വൈസ് ചെയർമാൻ എം.എ. അബ്ദുൾ റഷീദ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുജ അലോഷ്യസ്, ഡി.പി.എം. ഡോ. ജിൽഷോ ജോർജ്, പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ, മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ ജോൺ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments