സ്കൂൾ കുട്ടികൾക്കായി കൈത്തറി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു*
കേരള സർക്കാർ കൈത്തറി & വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി കൈത്തറി മേഖലയെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നാടിന്റെ തനത് പാരമ്പര്യ മേഖലകളെ ജനകീയവൽക്കരിക്കുന്നതിന്റെയും, കൈത്തറി മേഖലയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഒന്നാം വിഭാഗം (എൽ.പി: 1 മുതൽ 4 വരെ ക്ലാസുകൾ), രണ്ടാം വിഭാഗം (യു.പി: 5 മുതൽ 7 വരെ ക്ലാസുകൾ), മൂന്നാം വിഭാഗം (എച്ച്.എസ്: 8 മുതൽ 10 വരെ ക്ലാസുകൾ) എന്നിങ്ങനെയാണ് തിരിച്ചുട്ടുള്ളത്.
ഒന്നും രണ്ടും വിഭാഗങ്ങളിലെ കുട്ടികൾക്ക് കൈത്തറിയുമായി ബന്ധപ്പെട്ട് ഏത് വിഷയവും ചിത്രരചനയ്ക്കായി തിരഞ്ഞെടുക്കാം. എന്നാൽ മൂന്നാം വിഭാഗത്തിന് കൈത്തറിയുമായി ബന്ധപ്പെട്ട വിഷയം മത്സര ദിവസം നൽകുന്നതായിരിക്കും. എൽ.പി. വിഭാഗം വിദ്യാർത്ഥികൾ ക്രയോൺസും, യു.പി., എച്ച്.എസ്. വിഭാഗങ്ങൾ വാട്ടർ കളറുമാണ് ഉപയോഗിക്കേണ്ടത്. ഇതിനാവശ്യമായ ക്രയോൺസും വാട്ടർ കളറും കുട്ടികൾ തന്നെ കൊണ്ടുവരണം.
നവംബർ 14-ന് രാവിലെ 8.30-ന് പുഴയ്ക്കൽ ശോഭാ സിറ്റി മാളിൽ മത്സരം നടത്തും. ജില്ലാതല മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 250 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉള്ളത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് നൽകപ്പെട്ടിട്ടുള്ള ലിങ്ക് മുഖേനയോ ക്യൂ ആർ കോഡ് വഴിയോ നവംബർ 12-ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് gm.tsr.dic@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ 9446224053, 9809648962 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
- Log in to post comments