കടല്‍ക്ഷോഭം: അംഗന്‍വാടികളിലെയും സ്‌കൂളുകളിലെയും കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കും
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ദുരന്തഭൂമിയായ വൈപ്പിന്‍, ചെല്ലാനം മേഖലകളില്‍ സ്‌കൂളുകളിലും അംഗന്‍വാടികളിലും ലഭിക്കുന്ന കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്‍കി. കുടിവെള്ളത്തിന്റെ നിലവാരം ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച് ഉറപ്പാക്കണം. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് ഈ നടപടി.
ചെല്ലാനത്ത് 25 സെപ്റ്റിക് ടാങ്കുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ചെല്ലാനം മേഖലയില്‍ അഞ്ചു ടീമുകളും വൈപ്പിനില്‍ രണ്ട് ടീമുകളുമാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചെല്ലാനത്ത് നാല് ജെസിബികളും വൈപ്പിനില്‍ മൂന്ന് ജെസിബികളും ശുചീകരണം നടത്തുന്നുണ്ട്. കൂടാതെ ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ വീടുകളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. കൊച്ചി സിറ്റി റേഷനിംഗ് ഓഫീസര്‍ക്കു കീഴില്‍ 540 പേര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തതായി സപ്ലൈ ഓഫീസ് അറിയിച്ചു. ആവശ്യമുള്ളവര്‍ക്കെല്ലാം അരി വിതരണം ചെയ്യാനും ഇവയുടെ ഗുണമേന്മ ഉറപ്പാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.
ദുരന്തത്തിനു ശേഷം വൈപ്പിന്‍ കടലോരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിന് ശുചിത്വ മിഷനെ ചുമതലപ്പെടുത്തി. ഈ പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മറ്റു താലൂക്കുകളില്‍ നിന്നുള്ള ജീവനക്കാരെ ദുരന്ത ബാധിത മേഖലയില്‍ അധികമായി വിന്യസിക്കും.
ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തബാധിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സബ് കളക്ടര്‍ ഇമ്പശേഖര്‍, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ സിജു തോമസ്, ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments