ലോകായുക്ത ദിനാചരണം നവംബർ 16ന്: നിയമവിദ്യാർഥികൾക്കായി മൂട്ട് കോർട്ട് മത്സരവും
സംസ്ഥാന ലോകായുക്ത ദിനാചരണം നവംബർ 16 ന് വൈകിട്ട് 3.30-ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശിഷ്ടാതിഥിയും നഗരസഭാ മേയർ വി.വി. രാജേഷ് പ്രത്യേക അതിഥിയുമായി പങ്കെടുക്കും.
സമ്മേളനത്തിൽ ലോകായുക്ത രജിസ്ട്രാർ ഇ. ബൈജു, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫ് അലി, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഗോപിദാസ് ജി, ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. എൻ. എസ്. ലാൽ, കേരള ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം സെക്രട്ടറി അഡ്വ. ബാബു പി. പോത്തൻകോട് എന്നിവർ സംസാരിക്കും.
ദിനാചരണത്തോടനുബന്ധിച്ച് ഓൾ കേരള ഇന്റർ-കോളേജിയറ്റ് മൂട്ട് കോർട്ട് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ലോ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു പരിശീലന കോടതിയാണ് മൂട്ട് കോർട്ട് മത്സരം. പ്രാഥമിക റൗണ്ട് മത്സരം നവംബർ 13-ന് രാവിലെ 9.30-ന് നിയമസഭാ സമുച്ചയത്തിലെ കോർട്ട് ഹാൾ ഒന്ന്, രണ്ട്, കോൺഫറൻസ് ഹാൾ 5A, 5E എന്നിവിടങ്ങളിൽ നടക്കും. ഉപലോകായുക്തമാരായ ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷിർസി വി. എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
ഫൈനൽ റൗണ്ട് മത്സരം നവംബർ 16 ഉച്ചകഴിഞ്ഞ് രണ്ടിന് കോർട്ട് ഹാൾ ഒന്നിൽ നടക്കും. ഉപ ലോകായുക്തമാരായ ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷിർസി വി., തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരാണ് ഫൈനൽ മത്സരത്തിലെ വിധികർത്താക്കൾ. മൂട്ട് കോർട്ട് മത്സരവിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫികളും സമ്മാനങ്ങളും നവംബർ 16-ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും.
പി.എൻ.എക്‌സ്. 4725/2026
- Log in to post comments