Skip to main content

ശബരിമല തീര്‍ത്ഥാടനം: പാത്രങ്ങള്‍ക്ക് വില നിശ്ചയിച്ചു ഉത്തരവായി

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള അലൂമിനിയം, സ്റ്റീല്‍, പിച്ചള പാത്രങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ ഉത്തരവിറക്കി. നിശ്ചയിച്ച അടിസ്ഥാന വിലയും പരമാവധി വില്‍പ്പന വിലയും കര്‍ശനമായി പാലിച്ചായിരിക്കണം വില്‍പ്പന നടത്തേണ്ടത്.

ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റീല്‍ പാത്രങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്. 200 ഗ്രാം വരെ തൂക്കമുള്ളതും തിരുകിയടയ്ക്കാവുന്ന അടപ്പോടുകൂടിയതുമായ പാത്രങ്ങള്‍ക്ക് സന്നിധാനത്ത് ഗ്രാമിന് 80 പൈസയും പമ്പയില്‍ 75 പൈസയുമാണ് അടിസ്ഥാന വില. ഇതിന് പുറമെ തൂക്കത്തിനനുസരിച്ച് പാത്രവിലയുടെ 30 മുതല്‍ 60 ശതമാനം വരെ അധികം ഈടാക്കാം.

200 ഗ്രാമിന് മുകളില്‍ തൂക്കമുള്ള അടപ്പോടുകൂടിയ പാത്രങ്ങള്‍ക്ക് സന്നിധാനത്ത് ഗ്രാമിന് 75 പൈസയും പമ്പയില്‍ 68 പൈസയുമാണ് അടിസ്ഥാന വില. ഇതിന്റെ പരമാവധി വില്‍പ്പന വില അടിസ്ഥാന വിലയുടെ 10 ശതമാനമാണ്. മറ്റ് ഇനത്തിലുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റീല്‍ പാത്രങ്ങള്‍ക്ക് സന്നിധാനത്ത് കിലോഗ്രാമിന് 720 രൂപയും പമ്പയില്‍ 650 രൂപയുമാണ് അടിസ്ഥാന വില. ഇതിന് പരമാവധി 10 ശതമാനം അധികം ഈടാക്കാം.

അലൂമിനിയം പാത്രങ്ങളില്‍ അന്ന അലൂമിനിയം വിഭാഗത്തിന് സന്നിധാനത്ത് കിലോഗ്രാമിന് 800 രൂപയും പമ്പയില്‍ 750 രൂപയുമാണ് അടിസ്ഥാന വില. മറ്റ് ഉയര്‍ന്ന ഗുണനിലവാരമുള്ള അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യഥാക്രമം 700 രൂപയും 630 രൂപയുമാണ് വില. ഉയര്‍ന്ന ഗുണനിലവാരമുള്ള പിച്ചള, ഓട് ഉല്‍പ്പന്നങ്ങള്‍ക്ക് സന്നിധാനത്ത് കിലോഗ്രാമിന് 1,650 രൂപയും പമ്പയില്‍ 1,600 രൂപയുമാണ് അടിസ്ഥാന വില.

200 ഗ്രാം വരെ തൂക്കമുള്ള എല്ലാ പാത്രങ്ങളും തൂക്കി നല്‍കുന്നതിന് ഒരു ഗ്രാമോ അതില്‍ താഴെയോ കൃത്യതയുള്ള ഇലക്ട്രോണിക് ത്രാസുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

date