ജില്ലാതല അറിയിപ്പുകള്‍
സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം: വേദികള്‍ക്കുള്ള പേരുകള്‍ ക്ഷണിച്ചു
നവംബര്‍ 27, 28, 29 തീയതികളിലായി തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന് വേദികള്‍ക്കുള്ള പേരുകള്‍ ക്ഷണിച്ചു. 10 വേദികള്‍ക്കുള്ള പേരുകളാണ് ക്ഷണിച്ചത്. മേളയുടെ ഭാഗമായി പുറത്തിറക്കുന്ന സ്മരണികയ്ക്കും പേര് നിര്‍ദ്ദേശിക്കാം. കണ്ണൂരിന്റെ കലാ-സാംസ്‌കാരിക ചരിത്രവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്നവ ആയിരിക്കണം പേരുകള്‍. സ്മരണിക, വേദികള്‍ എന്നിവയുടെ പേരുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍, അയക്കുന്ന ആളുടെ വിലാസം സഹിതം artsfestkannur@gmail.com എന്ന വിലാസത്തിലേക്ക് നവംബര്‍ 15 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അയക്കണം. ഫോണ്‍: 9400006494.
ലോഗോ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് ജില്ലയിലെ ക്ഷീരസംഘങ്ങളുടെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ നടത്തപ്പെടുന്ന ജില്ലാ ക്ഷീരസംഗമവുമായി ബന്ധപ്പെട്ട് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. സൃഷ്ടികള്‍ നവംബര്‍ 25- നകം jillaksheerasangamam2627@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7558831645.
മിനി ജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13 രാവിലെ 10 മുതല്‍ ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
ബില്ലിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ്, സ്റ്റോര്‍ കീപ്പര്‍, ഓപ്പറേഷന്‍സ് മാനേജര്‍, ഫ്‌ളോര്‍ മാനേജര്‍, പേക്കിങ് സ്റ്റാഫ് ക്ലീനേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ്, ഡെലിവറി പേഴ്‌സണ്‍, ഇന്‍ഷുറന്‍സ് കണ്‍സല്‍ട്ടന്റ്, ഡെവലപ്‌മെന്റ് മാനേജര്‍ ഗ്രാജുവേറ്റഡ് സെയില്‍സ് ട്രെയിനി, ലൈഫ് മിത്ര തസ്തികകളിലാണ് അഭിമുഖം. യോഗ്യത എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/ബി കോം/എംബിഎ.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 -2707610, 6282942066.
അധ്യാപക നിയമനം
നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എച്ച്.എസ്.ടി മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 12 രാവിലെ 11 മണിക്ക് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9400006493. 04602 251091.
സാഹസിക ടൂസിസം പരിശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും കേരള ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി നടത്തുന്ന ഏഴ് ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വഞ്ചര്‍ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായിരിക്കണം. 2026 ഒക്ടോബര്‍ മാസം ഒന്നിനു 18 വയസ് തികഞ്ഞവരും 45 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായ ആളുകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 17 ന് പരിശീലനം തുടങ്ങും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 13 നകം ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം -695014 വിലാസത്തില്‍ ലഭ്യമാക്കണം. ഇ-മെയില്‍: kittstraining@gmail.com, ഫോണ്‍: 8129816664.
ലേലം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അടുക്കളയില്‍ നിന്നും ശേഖരിച്ച ചകിരി ജയില്‍ പരിസരത്ത് നവംബര്‍ 13 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. നിരതദ്രവ്യം 2000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2746141, 2747180.
നാടന്‍ കലകളില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റൈപ്പന്റിന് അപേക്ഷ ക്ഷണിച്ചു
ഒരു വര്‍ഷത്തേക്ക് നാടന്‍ കലകളില്‍ പരിശീലനം നേടുന്നതിന് 10 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് (01-01-2026 ന് 10 വയസ്സ് പൂര്‍ത്തിയായിരിക്കണം) കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്ന് പ്രതിമാസം 300 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കാണ് ആനുകൂല്യം. മുമ്പ് സ്‌റ്റൈപ്പന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോറവും നിയമാവലിയും www.keralafolklore.org വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നിര്‍ദ്ദിഷ്ട രേഖകളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ആശാന്റെ സമ്മതപത്രം സഹിതം നവംബര്‍ 30 നകം ഓഫീസില്‍ ലഭിക്കണം. വിലാസം - സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, പി.ഒ. ചിറക്കല്‍, കണ്ണൂര്‍ - പിന്‍ - 670 011. ഫോണ്‍ 0497 2778090.
ഖാദിയില്‍ കിടക്ക ലേലം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലുള്ള കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയിലെ പലവിധ കാരണങ്ങളാല്‍ കേടുവന്ന 4,33,650 രൂപയുടെ കിടക്കകള്‍ നവംബര്‍ 17 ഉച്ചയ്ക്ക് രണ്ടിന് ചെറുതാഴം ഖാദിയൂണിറ്റില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം തന്നെ ലേല തുക അടവുവരുത്തി സാധനങ്ങള്‍ എടുക്കേണ്ടതാണ്. ഫോണ്‍ 0498 5202310, 202590.
- Log in to post comments