Skip to main content

പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027–32) ആശയരൂപീകരണ യോഗം നവംബർ 13 ന് കോഴിക്കോട്

 

‘പുതുയുഗ കേരളം’ വികസന മാതൃകയ്ക്ക് രൂപം നൽകാൻ ജനപ്രതിനിധികളും വിദഗ്ധരും ഒത്തുചേരും

പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027–32) രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും പ്രാദേശിക വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനുള്ള ആശയരൂപീകരണ യോഗം നവംബർ 13ന് കോഴിക്കോട് സംഘടിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ രാവിലെ 10ന് പാളയത്തെ ഹോട്ടൽ കിംഗ് ഫോർട്ടിൽ നടക്കുന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സൗത്ത് എം.എൽ.എ. അഡ്വ. ഫൈസൽ ബാബു അധ്യക്ഷത വഹിക്കും.

സാമ്പത്തിക വളർച്ച, സാമൂഹിക നീതി, സാമ്പത്തിക ഉത്തരവാദിത്തം, സാങ്കേതിക പുരോഗതി, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ സമന്വയിപ്പിച്ച് ‘പുതുയുഗ കേരളം’ എന്ന വികസന മാതൃകയ്ക്ക് രൂപം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കേരളത്തിന്റെ വികസന നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദീർഘകാല വികസന കാഴ്ചപ്പാടുകൾ ആവിഷ്കരിക്കുന്നതിനും പദ്ധതി ഊന്നൽ നൽകും.

ജില്ലയുടെ വികസന ആവശ്യങ്ങൾ, സാധ്യതകൾ, നിലവിലുള്ള പരിമിതികൾ, പ്രത്യേക ശ്രദ്ധ ആവശ്യമായ മേഖലകൾ, ദീർഘകാല വികസന ലക്ഷ്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിലവിലുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സമാഹരിക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ പ്രാദേശിക വികസന കാഴ്ചപ്പാടുകൾ സംസ്ഥാനതല ആസൂത്രണത്തിൽ ഉൾപ്പെടുത്തുന്നതിനും യോഗം അവസരമൊരുക്കും.

സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ ആമുഖപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ്. സ്വാഗതം ആശംസിക്കും. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ഡോ. എം.കെ. മുനീർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, എം.പിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, ഡോ. പി.ടി. ഉഷ, പ്രിയങ്ക ഗാന്ധി, എം.എൽ.എമാരായ കെ.കെ. രമ, പാറക്കൽ അബ്ദുള്ള, കെ.എം. അഭിജിത്ത്, കെ. പ്രവീൺകുമാർ, ഫാത്തിമ തഹ്ലിയ, വി.ടി. സൂരജ്, വിദ്യാ ബാലകൃഷ്ണൻ, കെ. ജയന്ത്, പി.എ. മുഹമ്മദ് റിയാസ്, എം.എ. റസാഖ് മാസ്റ്റർ, പി.കെ. ഫിറോസ്, സി.കെ. കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും.

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, പ്രമുഖ സംരംഭകർ, വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വികസന നിർദേശങ്ങൾ പങ്കുവെക്കുന്നതിനായി ജനപ്രതിനിധികൾക്കും വികസനത്തിൽ താൽപര്യമുള്ളവർക്കും ഗൂഗിൾ ഫോം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം ഒന്നാം സെഷനിൽ ജനപ്രതിനിധികളിൽ നിന്നും ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും വികസന ആശയങ്ങളും അഭിപ്രായങ്ങളും സമാഹരിക്കും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന രണ്ടാം സെഷനിൽ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, വിഷയവിദഗ്ധർ, പ്രമുഖ സംരംഭകർ, വികസന മേഖലകളിലെ സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കും.

ജനകീയ പങ്കാളിത്തവും പ്രാദേശിക വികസന കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച് കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിൽ കോഴിക്കോട് ജില്ലയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

date