അയിലൂർ പഞ്ചായത്ത് കളിസ്ഥല വികസനം: നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു
അയിലൂർ ഗ്രാമപഞ്ചായത്തിലെ കളിസ്ഥല വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചതായി കെ. പ്രേമൻ എം.എൽ.എ അറിയിച്ചു.
2024-25 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് കായിക യുവജനകാര്യ വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഗ്രൗണ്ട് വികസനം, മഡ് കോർട്ട്, ഫെൻസിങ്, ആർ.ആർ. സ്റ്റെപ്പ് ഗാലറി, അനുബന്ധ വൈദ്യുതീകരണ പ്രവൃത്തികൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കളിസ്ഥലത്തിന്റെ അതിർത്തി നിർണയവും സർവേ നടപടികളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് നിർമാണം നീണ്ടുപോയത്. എം.എൽ.എയുടെ ഇടപെടലിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സർവേ നടപടികൾ പൂർത്തിയാക്കി. കളിസ്ഥല വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു. പ്രദേശത്തെ കായികപ്രേമികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
- Log in to post comments