കാര്‍ഷികമേഖലയ്ക്കും വിനോദസഞ്ചാരത്തിനും ഊന്നല്‍ നല്കി ജില്ലാതല ആശയരൂപീകരണയോഗം
കാര്‍ഷിക മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്കി പാലക്കാടിന്റെ വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് 15-ാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല ആശയരൂപീകരണയോഗം.
മണ്ണാര്‍ക്കാട്, കോങ്ങാട് മണ്ഡലങ്ങളെ ഇക്കോ-ടൂറിസം ഇടനാഴിയായി വളര്‍ത്താന്‍ കഴിയണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് പറഞ്ഞു.
കോഴിക്കോട്-പാലക്കാട് റോഡിന്റെയും ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെയും പണി വേഗത്തില്‍ പൂര്‍ത്തീകരിച്ച് പശ്ചാത്തല വികസനം ഉറപ്പുവരുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുടെ വികസനത്തില്‍ ഊന്നുന്ന പദ്ധതികള്‍ ആവിഷ്കരിക്കണം. കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാകുന്ന വിധത്തില്‍ കാര്‍ഷികമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. അട്ടപ്പാടി ഉള്‍പ്പെടെ ആദിവാസി, പിന്നാക്ക മേഖലകളുടെ സമഗ്രവും സന്തുലിതവുമായ വികസനം ഉറപ്പാക്കാനാവണം. കാര്‍ഷിക മേഖലയില്‍ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന കാര്‍ഷിക മേഖലയെ അഭിമുഖീകരിക്കാതെ ജില്ലയുടെ വികസനത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പട്ടികഗജാതി, പട്ടികവര്‍ഗ, പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ.എ തുളസി പറഞ്ഞു. പാലക്കാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് പരിഗണിക്കണം. പരിസ്ഥിതിയും ജൈവ വൈവിധ്യവും നിലനിര്തത്തിക്കൊണ്ട് ടൂറിസം മേഖലയില്‍ പപുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
2027 മുതല്‍ പാലക്കാട് അതിവേഗ വികസനത്തിന്റെ പാതയിലായിരിക്കുമെന്ന് വി.കെ ശ്രീകണ്ഠന് എം.പി പറഞ്ഞു. പാലക്കാട് വിമാനത്താവളം എന്ന ആവശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. പഴം, പച്ചക്കറികള്‍, പൂക്കള്‍, നാണ്യവിളകള്‍ തുടങ്ങിയ കാര്‍ഷിക വിഭവങ്ങളുടെ കയറ്റുമതിക്ക് ജില്ലയില്‍ അനന്തമായ സാധ്യതകളുണ്ട്. അതിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും എം.പി പറഞ്ഞു.
വ്യാവസായിക വികസനം, വ്യവസായ സ്മാര്‍ട്ട് സിറ്റി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കുടിവെള്ള ലഭ്യത, ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ജില്ലയുടെ സമഗ്ര വികസനം യോഗത്തില്‍ ചര്‍ച്ച ചെയ്തു.
പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖര്‍ ഓണ്‍ലൈനായി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രമേഷ് പിഷാരടി എം.എല്‍.എ, ജില്ലാകലക്ടര്‍ സുധീര്‍ കെ, നഗരസഭാ ചെയര്മാന് പി. സ്മിതേഷ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. പി.പി ബാലന്, ശ്രീധര്‍ രാധാകൃഷ്ണന്, വരുണ്‍ സന്തോഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 10 മുതല്‍ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി ജില്ലയുടെ വികസനം സംബന്ധിച്ച ജനകീയ ആശയ രൂപീകരണ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ആസൂത്രണ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാതല ആശയരൂപീകരണയോഗം സംഘടിപ്പിക്കുന്നത്.
- Log in to post comments