Skip to main content

ദിശ എക്‌സ്‌പോ കാലോചിതമായി പരിഷ്‌കരിക്കും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

2018 മുതല്‍ സംസ്ഥാനത്ത്് നടത്തുന്ന ദിശ എക്‌സ്‌പോ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ദിശ' കരിയര്‍ എക്‌സ്‌പോ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമിടയിലെ സുപ്രധാനമായ ഒരു പാലമാണ് ഹയര്‍ സെക്കന്‍ഡറി. പത്താം ക്ലാസ് വരെയുള്ള എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കി, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും താല്‍പ്പര്യമുള്ളതുമായ വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്ന സുപ്രധാന ഘട്ടമാണിത്. ഇന്നത്തെ കാലഘട്ടത്തില്‍ ഒരുപാട് ഉപരിപഠന സാധ്യതകളും തൊഴില്‍ സാധ്യതകളും ലഭ്യമാണ്.  കുട്ടികളുടെ  താല്‍പ്പര്യങ്ങള്‍ക്ക്  അനുസൃതമായി  തൊഴില്‍  തിരഞ്ഞെടുക്കാനുള്ള മികച്ച അവസരമാണ് 'ദിശ' കരിയര്‍ എക്‌സ്‌പോയിലൂടെ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ഇവിടെയുള്ള തൊണ്ണൂറോളം സ്റ്റാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദര്‍ശിക്കാനും സ്ഥാപനങ്ങളുമായി സംവദിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും സാധിക്കും. പ്രഗത്ഭരായവരുടെ വിദ്യാഭ്യാസ വിചക്ഷണ ക്ലാസുകളും കരിയര്‍ ഗൈഡന്‍സും മേളയുടെ പ്രത്യേകതയാണ്.  വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥതലങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ കാലഘട്ടമാണിത്. ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ചിന്തകളും താല്‍പ്പര്യങ്ങളും മനസ്സിലാക്കിക്കൊണ്ട് അവര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 'കൈറ്റ്' ഈ വര്‍ഷം മുതല്‍ 'ദിശ'യുടെ ചുമതല കൂടി ഏറ്റെടുത്തിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് സ്ലോട്ടുകള്‍ ക്രമീകരിക്കുന്നതു വഴി വളരെ നല്ല നിലയില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. ഓരോ വിദ്യാര്‍ത്ഥിക്കും ഏത് സെക്ടറിലാണ് താല്‍പ്പര്യമെന്ന് കണ്ടെത്താനും, അവരുടെ സ്‌കില്ലുകള്‍ ഡെവലപ്പ് ചെയ്യാനുമുള്ള അവസരങ്ങള്‍ ഒരുക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം.  മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരുടെയെല്ലാം സാന്നിധ്യത്തിലും സഹകരണത്തിലുമാണ് പ്രദര്‍ശനം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും ഇതില്‍ പങ്കാളികളാകുന്നുണ്ട്.  നമ്മുടെ കുട്ടികളെ ലോകനിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുമായി പൊരുത്തപ്പെടുത്താനും, മറ്റ് രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പിന്നിലല്ല കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ എന്ന് നാളെ പ്രഖ്യാപിക്കാനുമുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സംരംഭങ്ങള്‍. എല്ലാവരുടെയും സജീവമായ പിന്തുണയോടെ ഈ എക്‌സ്‌പോ കൂടുതല്‍ ജനകീയമാക്കാനും വിജയിപ്പിക്കാനും സാധിക്കണമെന്നും മന്ത്രി എന്‍പറഞ്ഞു .

date