Skip to main content

വിബി-ജി റാം ജി പദ്ധതി: വേഗത്തിലുള്ള നിര്‍വഹണത്തിനും തൊഴില്‍ നൈപുണ്യത്തിനും ഊന്നല്‍ നല്‍കണം

കേന്ദ്ര സര്‍ക്കാരിന്റെ വിബി-ജി റാം ജി (വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍-ഗ്രാമീണ്‍) പദ്ധതി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കണമെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മലപ്പുറം പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ പദ്ധതിയുടെ സാധ്യതകളും കര്‍മപദ്ധതികളും അവലോകനം ചെയ്യുന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.

മുന്‍കാല തൊഴിലുറപ്പ് പദ്ധതികളില്‍ സാധാരണ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായിരുന്നു മുന്‍ഗണനയെങ്കില്‍ പുതിയ പദ്ധതി നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്കും നാടിന്റെ ആസ്തി വികസനത്തിനും മുന്‍ഗണന നല്‍കുന്ന മികച്ച വിപുലീകരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക തികവോടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കേണ്ട സാഹചര്യത്തില്‍ ജനങ്ങളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാന്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്. പദ്ധതിയുടെ നിര്‍വഹണത്തില്‍ കേന്ദ്ര സര്‍ക്കാരുമായോ നയപരമായ തലത്തിലോ ആവശ്യമായ ഏത് സഹായങ്ങളും ഒരുക്കാന്‍ എം.പി എന്ന നിലയില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കത്തില്‍ 318 ആയിരുന്ന പ്രവൃത്തികള്‍ വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം 375 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. പദ്ധതിയില്‍ പ്രധാനമായും നാല് പ്രധാന ഭാഗങ്ങളാണുള്ളത്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങള്‍, ഉപജീവനമാര്‍ഗങ്ങള്‍, ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണവ.

യോഗത്തില്‍ തിരൂരങ്ങാടി താലൂക്കിലെ അക്രഡിറ്റഡ് എന്‍ജിനീയര്‍ ഇ.പി.സയ്യിദ് നിസാം പദ്ധതിയുടെ വിശദാംശങ്ങളും വിവിധ പ്രവൃത്തികളും അവതരിപ്പിച്ചു. വിബി-ജി റാം ജി പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബി.ശ്രീബാഷ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

date