കുട്ടികള്‍ വാഹനമോടിക്കുന്നത് തടയാന്‍ സ്കൂളുകളില്‍ ബോധവത്കരണം സംഘടിപ്പിക്കും: താലൂക്ക് വികസന സമിതി
കുട്ടികള്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് തടയാന്‍ സ്കൂള്‍ തലത്തില്‍ ബോധവത്കരണവും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കുമെന്ന് കൊല്ലം താലൂക്ക് വികസന സമിതി. വിഷ്ണു മോഹന്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ആര് ദിലീപ്കുമാറിന്റെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസനസമിതിയിലാണ് തീരുമാനം. സ്കൂള്‍ പരിസരങ്ങളില്‍ എക്സൈസ്-പൊലീസ് പരിശോധന ശക്തമാക്കുകയും ഹമ്പുകള്‍, സീബ്രാലൈന്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്യും. അപകടകരമായ നിലയില്‍ റോഡരികില്‍ നില്ക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കും. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജങ്ഷനുകളില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയിലൂടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയാന്‍ പൊലീസ്, എക്സൈസ് വകുപ്പുകള്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കും. തെരുവുനായ ശല്യം നിയന്ത്രിക്കാനും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കും. കുടിവെള്ളക്ഷാമവും ജലവിതരണ തടസ്സങ്ങളും പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. താലൂക്ക് വികസന സമിതി കണ്‍വീനറും തഹസില്‍ദാറുമായ അജിലാല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ താലൂക്കുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments