Skip to main content

30 മുതൽ ഡിസംബർ 10 വരെ നിയമസഭാ സമ്മേളനത്തിന് ശിപാർശ, വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉടൻ : മുഖ്യമന്ത്രി

പുതിയ നിയമനിർമാണത്തിനും ബില്ലുകൾ പാസാക്കാനുമായി  നവംബർ 30 മുതൽ ഡിസംബർ 10 വരെ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം സെക്രട്ടേറിയറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള സംസ്ഥാന കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളിന്മേൽ സ്വീകരിച്ച നടപടികളും ചില ശുപാർശകൾ നിരസിച്ചതിന്റെ കാരണങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകി.  ഇത് നിയമസഭയിൽ സമർപ്പിക്കും. കാസർഗോഡ് - വയനാട് 400 കെ വി പവർ ട്രാൻസ്മിഷൻ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യമൊരുക്കാൻ പുതിയ പാക്കേജ് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഈ മാസം തന്നെ കണ്ടെത്തും. കഴിഞ്ഞ 10 വർഷമായി ദീർഘകാല കരാറുകൾ ഉണ്ടാക്കാതെ ഹ്രസ്വകാല വാങ്ങലുകളെ മാത്രം ആശ്രയിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.  നിലവിൽ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. റൂഫ് ടോപ്പ് സോളാർ ഉൽപ്പാദനം നടന്നെങ്കിലും പീക്ക് അവറുകളിൽ ഉപയോഗിക്കാനുള്ള ബാറ്ററി സ്റ്റോറേജ് സൗകര്യം മുൻപ് നടപ്പിലാക്കാതിരുന്നതും പ്രശ്നം വർദ്ധിപ്പിച്ചു.

നിലവിൽ ലഭ്യമായതിൽവച്ച് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി സർക്കാർ വാങ്ങും.  ഈ മാസം തന്നെ പുതിയ ദീർഘകാല - ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടും. ഭാവിയിലെ  വൻതോതിലുള്ള വൈദ്യുതി ആവശ്യം മുൻനിർത്തി സോളാർ വഴി 6000-7000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ബാറ്ററി സ്റ്റോറേജ് സംവിധാനം കൊണ്ടുവന്ന് സംരക്ഷിക്കുകയും ചെയ്യും.  എൻടിപിസി വഴി സിന്നാറിൽ നിന്ന് ലഭിക്കുന്ന 340 മെഗാവാട്ട്  വൈദ്യുതി ഘട്ടാനുസൃതമായി 640 മെഗാവാട്ടായും  പിന്നീട് 1000 മെഗാവാട്ടായും ഉയർത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പി.എൻ.എക്‌സ്. 4739/2026

date