സംസ്ഥാന ശാസ്ത്രോത്സവം: ലോഗോ പ്രകാശനം മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു
മണ്ണാർക്കാട് നടക്കുന്ന 58-ാമത് സംസ്ഥാന ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം നെല്ലിപ്പുഴ ദാറുനജാത്ത് ഹയർ സെക്കന്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നിർവ്വഹിച്ചു. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെയും സബ് കമ്മിറ്റികളുടെയും പ്രവർത്തനങ്ങളുടെ അവലോകന യോഗവും മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.
മേളയിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ അതത് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. കമ്മിറ്റികളുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. നവംബർ 18 മുതൽ 21 വരെയാണ് മേള നടക്കുന്നത്. ചരിത്ര മുഹൂർത്തത്തിന് മണ്ണാർക്കാട് വേദിയൊരുങ്ങുമ്പോൾ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും മന്ത്രി ആവശ്യപെട്ടു.
ഏഴായിരത്തിലധികം പ്രതിഭകൾ മേളയിൽ മാറ്റുരക്കും.ഗണിത മേള കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻ്ററി സ്കൂളിലും സാമൂഹ്യ ശാസ്ത്ര മേള മണ്ണാർക്കാട് എംഇടി ഹയർ സെക്കൻ്ററി സ്കൂളിലും പ്രവൃത്തി പരിചയ മേള നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻ്ററി സ്കൂളിലും ശാസ്ത്ര, ഐടി മേളകൾ എംഇഎസ് ഹയർ സെക്കൻ്ററി സ്കൂളിലുമാണ് നടക്കുക.വൈഐപി ശാസ്ത്രപഥം ആശയ പ്രദർശനം എംഇഎസ് എച്ച്. എസ്.എസ്സിലും സ്കിൽ ഫെസ്റ്റിവൽ എക്സിബിഷനും കരിയർ ഫെസ്റ്റും നെല്ലിപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റേഷന് എതിർവശത്തുള്ള മിനി മുബാസ് സ്റ്റേഡിയത്തിലും സ്കിൽ ഫെസ്റ്റിവൽ ജിഎംയുപി സ്കൂളിലും നടക്കും.
പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും നടക്കുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ താമസ സൗകര്യവും, ഭക്ഷണപ്പുര ഒരുക്കുകയും ചെയ്യും.ഗതാഗതം സുഗമമാക്കാൻ താൽക്കാലിക ട്രാഫിക് പരിഷ്കരണങ്ങൾ ഏർപ്പെടുത്തും.എല്ലാ ദിവസവും കലാ സാംസ്കാരിക സായാഹ്നവും സംഘടിപ്പിക്കും.
ഒറ്റപ്പാലം എം.എൽ എ കെ. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സജ്ന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നീതു ശങ്കർ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ, വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments