Skip to main content
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ ക്ലീന്‍ ഡ്രൈവ് ശബരിമല എ.ഡി.എം. ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്യുന്നു

ശബരിമല തീര്‍ത്ഥാടന പാത ശുചീകരിച്ച് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടന പാതയും വിവിധ ഇടത്താവളങ്ങളും ശുചിത്വപൂര്‍ണമായി നിലനിര്‍ത്തുന്നതിന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ ക്ലീന്‍ ഡ്രൈവില്‍ 300 ഓളം പേര്‍ പങ്കെടുത്തു. കുമ്പളാംപൊയ്ക മുതല്‍ ചമ്പോണ്‍ വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും വിവിധ പൊതുസ്ഥലങ്ങളിലും ഇടത്താവളങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

കുമ്പളാംപൊയ്ക ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനം ശബരിമല എ.ഡി.എം. ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവന്‍ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ആര്‍. സുമാഭായി അമ്മ,  വൈസ് പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കുമ്പളാംപൊയ്ക മുതല്‍ ചമ്പോണ്‍ വരെയുള്ള പാത ഒമ്പത് മേഖലകളായി തിരിച്ച് ഓരോ മേഖലയുടെയും ചുമതല അതത് ജനപ്രതിനിധികള്‍ക്കും സ്ഥിരം സമിതി ഭാരവാഹികള്‍ക്കും നല്‍കി. നിയോഗിക്കപ്പെട്ട ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ റോഡിന്റെ ഇരുവശങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ഇടത്താവളങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ജീവനക്കാര്‍, മണിയാര്‍ എ. ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍, എന്‍.സി.സി., സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍, കുമ്പളാംപൊയ്ക സി.എം.എസ്. ഹൈസ്‌കൂള്‍, ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

ശബരിമല തീര്‍ത്ഥാടന കാലയളവില്‍ വടശ്ശേരിക്കരയിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് വൃത്തിയുള്ളതും ആരോഗ്യകരവുമായ യാത്രാസാഹചര്യം ഒരുക്കുക, പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയുക, ശുചിത്വ-പരിസ്ഥിതി സംരക്ഷണ അവബോധം വളര്‍ത്തുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഏകോപിപ്പിച്ച് സംഘടിപ്പിച്ച മെഗാ ക്ലീന്‍ ഡ്രൈവ് ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി. ശബരിമല തീര്‍ത്ഥാടന പാതയും ഇടത്താവളങ്ങളും ശുചിത്വപൂര്‍ണ്ണമായി നിലനിര്‍ത്തുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

date