Skip to main content

യുവപ്രതിഭകളുടെ നൂതന ആശയങ്ങൾക്ക് അംഗീകാരം; YIP 9.0 ജില്ലാതല പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

യുവജനങ്ങളിലെ നൂതന ആശയങ്ങളും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (YIP 9.0) തിരുവനന്തപുരം ജില്ലാതല പുരസ്‌കാരദാന ചടങ്ങ് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അഞ്ജു കെ. എസ്. ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഒരാശയം നാളെയുടെ ഉത്പന്നമായി മാറ്റാൻ കഴിയുമെന്നും സമൂഹത്തിന് പ്രയോജനപ്പെടുന്ന നവീന ആശയങ്ങളാണ് ഏറ്റവും മികച്ചതെന്നും ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. YIP പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരൻ പദ്ധതിയുടെ ലക്ഷ്യങ്ങളും വിദ്യാർഥികളുടെ നൂതന ആശയങ്ങളുടെ പ്രാധാന്യവും വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ജാൻസി റാണി ജില്ലയിൽ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും അവതരിപ്പിച്ചു.

സ്‌കൂൾ, കോളേജ് വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങൾ, അധ്യാപകർ, മികച്ച ഇന്റേണുകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

കോളേജ് വിഭാഗത്തിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളേജ് ഒന്നാം സ്ഥാനവും തിരുവനന്തപുരം എം.ജി. കോളേജ് രണ്ടാം സ്ഥാനവും ധനുവച്ചപുരം വി.ടി.എം. എൻ.എസ്.എസ്. കോളേജ് മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ വിഭാഗത്തിൽ വ്‌ളാത്താങ്കര വൃന്ദാവൻ എച്ച്.എസ്. ഒന്നാം സ്ഥാനവും ലൂർദ്പുരം സെന്റ് ഹെലൻസ് രണ്ടാം സ്ഥാനവും കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ കോർഡിനേറ്റർ അഭിജിത്ത് ആർ., വിവിധ കോളേജുകളിലെ പ്രധാനാധ്യാപകർ, YIP അധ്യാപക കോർഡിനേറ്റർമാർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date