Skip to main content
ലഹരിവിമുക്ത കണ്ണൂര്‍ ക്യാമ്പയിന്‍: ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

ലഹരിവിമുക്ത കണ്ണൂര്‍ ക്യാമ്പയിന്‍: ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

 

ലഹരിവിമുക്ത കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സി.ബി.എസ്.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, വെല്‍നെസ് അധ്യാപകര്‍ എന്നിവര്‍ക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഉല്‍ഘാടനം ചെയ്തു.

ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും അതില്‍ നിന്നും മോചിതരാകാന്‍ അവരെ സഹായിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത് വെറുമൊരു പോരാട്ടമെല്ലന്നും, മറിച്ച് വരും തലമുറയെ സംരക്ഷിക്കാനുള്ള വലിയൊരു ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 'നശാ മുക്ത് ഭാരത് അഭിയാന്‍' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'കരുതലില്ലെങ്കില്‍ കെണിഞ്ഞുപോകും' എന്ന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിശീലനം ഒരുക്കിയത്. പോലീസ്, എക്‌സൈസ്, പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലയില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കണ്ണൂര്‍ സഹോദയ, വിമുക്തി മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ തളാപ്പ് എസ്.എന്‍. വിദ്യാമന്ദിറില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് വൈസ് പ്രസിഡന്റും സി.ബി.എസ്.ഇ സിറ്റി കോര്‍ഡിനേറ്ററുമായ ഗീതാഞ്ജലി സുനില്‍, സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് പ്രസിഡന്റ് കെ പി സുബൈര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത്ത് തില്ലങ്കേരി, എസ്.എന്‍. വിദ്യാമന്ദിര്‍ പ്രിന്‍സിപ്പല്‍ സ്മിത, എന്‍.എം.ബി.എ നോഡല്‍ ഓഫീസര്‍ പി കെ ജയേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടികളിലും കൗമാരക്കാരിലും ലഹരി ഉപയോഗം നേരത്തെ തിരിച്ചറിയല്‍, പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ മനോരോഗവിദഗ്ധനും ജോയ്ഫുള്‍ മൈന്‍ഡ്‌സ് സ്ഥാപകനുമായ ഡോ. അരുണ്‍ ജോയ്, ലഹരി ഉപയോഗവും റാഗിംഗുമായി ബന്ധപ്പെട്ട നിയമങ്ങളും എന്ന വിഷയത്തില്‍ ഡി.എല്‍.എസ്.എ പാനല്‍ ലോയറും സീനിയര്‍ അഭിഭാഷകനുമായ അഡ്വ. കെ എ പ്രദീപ് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.

ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍, അവയുണ്ടാക്കുന്ന ശാരീരിക-മാനസിക-സാമൂഹിക പ്രത്യാഘാതങ്ങള്‍, വിദ്യാര്‍ത്ഥി-അധ്യാപക ബന്ധവും കുടുംബ പിന്തുണയും ശക്തിപ്പെടുത്തി ലഹരിയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, എന്‍.ഡി.പി.എസ് നിയമം,  കോട്പ നിയമം തുടങ്ങിയവയെ കുറിച്ച് പരിശീലകര്‍ അവബോധം നല്‍കി. പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ 'കരുതലില്ലെങ്കില്‍ കെണിഞ്ഞുപോകും' എന്ന ബോധവല്‍ക്കരണ ലഘുലേഖയുടെ വിതരണവും നടന്നു.

date