Skip to main content

ജില്ലാതല അറിയിപ്പുകൾ

പാരാലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

കണ്ണൂർ ജില്ലാ ലീഗൽ അതോറിറ്റി, തലശ്ശേരി പാരാലീഗൽ വളണ്ടിയർ അപേക്ഷ ക്ഷണിച്ചു. സൗജന്യ നിയമസഹായം, നിയമബോധവൽക്കരണം. ബദൽതർക്ക പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗൽ വളണ്ടിയർമാരുടെ ചുമതലകൾ. അപേക്ഷകർ 10ാം തരം പാസ്സായിരിക്കണം . മിനിമം കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, അംഗനവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമവിദ്യാർത്ഥികൾ, രാഷ്ട്രീയേതര സന്നദ്ധസംഘടനാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി., എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. സേവനത്തിന് ഓണറേറിയം നൽകുമെങ്കിലും, വരുമാനമാർഗ്ഗമായി സേവനത്തെ കാണുന്നവരാകരുത്.  അപേക്ഷകൾ നവംബർ 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഫോട്ടോ സഹിതം ഓഫീസിൽ ലഭിക്കണം. അഭിമുഖത്തിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും തെരെഞ്ഞെടുപ്പ്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പാരാലീഗൽ വളണ്ടിയർമാരിൽ തുടർന്ന് പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ വീണ്ടും അപേക്ഷിക്കണം.  അഭിമുഖത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം. ഫോൺ: 0490 2344666.

മോഡേൺ സർവ്വെ കോഴ്സ്

സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ ധർമ്മശ്ശാല ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്തായി കഴിച്ചാലിൽ പ്രവർത്തിക്കുന്ന സർവ്വെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്-കേരള (STI-K), കണ്ണൂർ കേന്ദ്രത്തിൽ ഡിസംബറിൽ ആരംഭിക്കുന്ന മോഡേൺ സർവ്വെ കോഴ്സിലേക്ക് (ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ, ജിപിഎസ്, കോർസ്, ആർടികെ, ലെവല്ലിങ്, കോണ്ടൂറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ദിവസത്തെ കോഴ്സിന് എസ്എസ്എൽസി യും, 60 ദിവസത്തെ കോഴ്സിന് എടിഎ സർവ്വെ/സിവിൽ, ഡിപ്ലോമ ഇൻ സിവിൽ, ബിടെക് ഇൻ സിവിൽ, ചെയിൻ സർവ്വെ, വിഎച്ച്എസ്ഇ സർവ്വെ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറത്തിനും, ഫീസ് സംബന്ധിച്ച വിവരങ്ങൾക്കും www.dslr.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9895124813, 9446077196, 8848927360.

ഗതാഗത നിയന്ത്രണം

മേലെചൊവ്വ ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിന് തടസ്സമായ മരശിഖരങ്ങൾ വെട്ടിമാറ്റുന്നതിനാൽ നവംബർ 15 രാവിലെ ഏഴ് മുതൽ 11 വരെ മേലെചൊവ്വ പ്രവൃത്തി സ്ഥലത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും.

ഡ്രൈവിംഗ് പരിശീലനം

കണ്ണൂർ ഗവൺമെൻറ് ഐ.ടി.ഐയുടെ കീഴിലുള്ള ഐ എം സി യുടെ ഡ്രൈവിംഗ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കുറഞ്ഞ  നിരക്കിൽ ടു വീലർ , ഫോർ വീലർ എന്നിവയിൽ പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ  കീഴിൽ മികവുറ്റ  പലിശീലനം നൽകും.  പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.  ഫോൺ: 9292169309.

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷക സംഘങ്ങൾക്കുമായി കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കാർഷികയന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും അപേക്ഷിക്കാം. നിബന്ധനകൾക്ക് വിധേയമായി  സ്പെയർപാർട്സുകൾക്ക്  25%-100% വരെയും (പരമാവധി 1000-5000 രൂപ വരെ), റിപ്പയർ ചാർജുകൾക്ക്  25% ധനസഹായവും (പരമാവധി തുക 1000 രൂപ) ലഭ്യമാവും. രണ്ടു ഘട്ടമായി 20 സർവ്വീസ് ക്യാമ്പുകളാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ എത്തിക്കേണ്ട അവസാന തീയ്യതി നവംബർ 20.  ഫോൺ: 6282514561, 8301968102, 9605772203, 9383472052.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാടായി ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പൊതു വിഭാഗത്തിലെ ഇ ഡബ്ല്യു എസ് വിഭാഗത്തിന് മുൻഗണന. അവരുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ നവംബർ 13 രാവിലെ 11 മണിക്ക് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്‌ചയ്ക്ക് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 9744260162,0497 2876988.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം - ഫ്രീഡം ഫുഡ് ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന ചപ്പാത്തി, ബിരിയാണി തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മൊബൈൽ ഭക്ഷണ കൌണ്ടറുകളിൽ എത്തിക്കാൻ കാരിയർ വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒന്ന് മുതൽ 2027 നവംബർ 30 വരെയാണ് കരാർ. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 19 വൈകുന്നേരം നാല് മണി.  ക്വട്ടേഷൻ നവംബർ 20 വൈകുന്നേരം നാല് മണിക്ക് തുറക്കും.  കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

 

മത്സര പരീക്ഷാ പരിശീലനം

കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ പട്ടികജാതി വികസന വകുപ്പും, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും സംയുക്തമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി-യുവാക്കൾക്ക് കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് കേന്ദ്രങ്ങളിലായി 100 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. മിനിമം യോഗ്യത പത്താം ക്ലാസ്സ്. പി എസ് സി, എസ് എസ് സി മത്സര പരീക്ഷകൾക്ക് അപേക്ഷിച്ചവർക്ക് മുൻഗണന. താൽപര്യമുള്ളവർ കണ്ണൂർ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ, തലശ്ശേരി/തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലോ, പയ്യന്നൂർ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ അസ്സിസ്റ്റൻസ് ഗൈഡൻസ്  ബ്യൂറോയിലോ നവംബർ 16 ന് മുമ്പ് ഫോൺ നമ്പർ സഹിതം  അപേക്ഷിക്കണം.  ഫോൺ:  04972700831.

ലൈബ്രറികൗൺസിൽ വായനാമത്സരം 14, 17 തീയ്യതികളിൽ

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന വായനോത്സവം 2026 ൻ്റെ പ്രാഥമിക മത്സരങ്ങൾ നവംബർ 14, 17 തീയതികളിൽ നടത്തും. 14ന് മുതിർന്നവർക്ക് ഗ്രന്ഥശാലാതലത്തിലും 17ന് ഹൈസ്‌കൂൾ തലത്തിലുമാണ് മത്സരം. പുസ്‌തകപ്പുഴു (Pusthakappuzhu) ആപ്പിൽ രജിസ്റ്റർ ചെയ്‌തവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.
ഗ്രന്ഥശാലകളിൽ 14 ന് മൂന്നു മുതൽ അഞ്ച് വരെയും സ്‌കൂളുകളിൽ 17ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെയുമാണ് മത്സരം സംഘടിപ്പിക്കേണ്ടത്. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പുവരെ പേര് രജിസ്റ്റർ ചെയ്യാം. രണ്ട് വിഭാഗങ്ങളാ യാണ് മത്സരം സംഘടിപ്പിക്കുക. ആദ്യ വിഭാഗത്തിൽ ക്വിസ് മത്സരവും രണ്ടാമത്തെ വിഭാഗത്തിൽ നിർദ്ദേശിക്കപ്പെട്ട പുസ്‌തകങ്ങളെ ആസ്‌പദമാക്കിയുള്ള എഴുത്തു പരീക്ഷയും നടത്തും. ആകെ 60 മാർക്ക്. എഴുത്തു പരീക്ഷയ്ക്ക് ചോദ്യപേപ്പറിൽ തന്നെ ഉത്തരമെഴുതണം.

പ്രാഥമിക മത്സരങ്ങൾക്കായി ഉൾപ്പെടുത്തിയ പുസ്‌തകങ്ങൾ: ഹൈസ്കൂ‌ൾ വിഭാഗം - കറുത്ത ട്യൂലീപ്പ്, ഓടയിൽനിന്ന്, ലളിതാലെനിൻ്റെ കവിത കൾ, സുനിത വില്ല്യംസിൻ്റെ ബഹിരാകാശ യാത്രകൾ, ഇന്ത്യ എന്ന റിപ്പബ്ലിക്ക്.
മുതിർന്നവർ വിഭാഗം 1 (16 മുതൽ 25 വയസ്സ് വരെ): കറുത്ത ട്യൂലീപ്പ്, ഓടയിൽനിന്ന്, ലളിതാലെനിന്റെ കവിതകൾ, മറ്റൊരു ഡോട്ട് കോം സന്ധ്യയിൽ, മനോയാനം.
മുതിർന്നവർ വിഭാഗം 2 (25 വയസ്സിന് മുകളിൽ): കറുത്ത ട്യൂലീപ്പ്, ഓടയിൽനിന്ന്, ലളിതാലെനിന്റെ കവിതകൾ, പിറവി, സമൂഹവും ശാസ്ത്രാവബോധവും.

വൈദ്യുതി മുടക്കം

ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബീരങ്കി ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ പത്ത് വരെയും കാവും താഴ ട്രാൻസ്ഫോർമർ പരിധിയിൽ
രാവിലെ 9:30 മുതൽ 3:30 വരെയും  കാനിച്ചേരി ആശ്രമം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7:40 മുതൽ വൈകീട്ട് അഞ്ച് വരെയും  ശക്തി ഗ്രാനൈറ്റ്, റിലയൻസ് നായാട്ടു പാറ , നായാട്ടു പാറ ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.

date