പ്രസിഡന്റ്സ് ട്രോഫി ജലോത്സവം കൊല്ലത്തിന്റെ പ്രധാന വിനോദസഞ്ചാര ആകര്ഷണമാക്കണം: എന്‍ കെ പ്രേമചന്ദ്രന് എം പി
നവംബര്‍ 21-ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവം കൊല്ലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര ആകര്‍ഷണമായും സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയായും മാറ്റണമെന്ന് എന്‍ കെ പ്രേമചന്ദ്രന് എം പി പറഞ്ഞു. പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം മുതല്‍ കേരളപ്പിറവി ദിനത്തില്‍ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നടത്തുമെന്ന ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് എം പി പറഞ്ഞു. ഇത് കൊല്ലത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും ജലോത്സവത്തിന് ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നതിനും സഹായകമാകും.
ജലോത്സവത്തിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വള്ളംകളിയുടെ അറിയിപ്പ് എത്തിക്കുന്നതിനും കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം പി നിര്‍ദേശിച്ചു.
വള്ളംകളിയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികള്‍ പരിമിതമായ സമയത്തിനുള്ളില്‍ കൂടുതല്‍ ജാഗ്രതയോടെയും ഏകോപനത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് പറഞ്ഞു. ജലോത്സവം കൂടുതല്‍ മികവോടെയും ഭംഗിയോടെയും സംഘടിപ്പിക്കുന്നതിന് കമ്മിറ്റി അംഗങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
വിഷ്ണുമോഹന് എം എല്‍ എ, സിറ്റി പോലീസ് കമ്മീഷണര്‍ അശ്വതി ജിജി, സബ് കലക്ടര്‍ എസ് മോഹനപ്രിയ, അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എഫ് ഷാജി, എ ഡി എം എസ്.സജീദ്, ടൂറിസം വകുപ്പ് സ്പെഷ്യല്‍ പ്രൊജക്റ്റ് ഡെപ്യുട്ടി ഡയറക്ടര്‍ അബ്ദുല്‍ സലാം, ജോയിന്റ് ഡയറക്ടര്‍ സുബൈര്‍ കുട്ടി, ഡി ടി പി സി ജില്ലാ സെക്രട്ടറി ജ്യോതിഷ് കേശവന് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
- Log in to post comments