ദേശീയ പുകയില നിയന്ത്രണ പദ്ധതി: ജില്ലാതല യോഗം ചേർന്നു
പുകയില വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും 'പുകയിലരഹിത യുവത്വം ക്യാമ്പയിൻ 4.0' നടപ്പിലാക്കുന്നതിനുമായി ജില്ലാതല സമിതി യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി. രാജേഷ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ബോധവത്കരണം ഊർജിതമാക്കാനും പുകയില വിരുദ്ധ ബോർഡുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. അധ്യാപകർ, പി.ടി.എ., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എക്സൈസ്, പോലീസ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുൾപ്പെട്ട വിദ്യാലയ ജാഗ്രതാ സമിതികൾ ഇതിന് നേതൃത്വം നൽകും. വിവിധ വകുപ്പുകളിൽ നിന്ന് നോഡൽ ഓഫീസർമാരെ നിയോഗിച്ച് സംയുക്ത പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.
കോളേജ് ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയാൻ കർശന നടപടി സ്വീകരിക്കും. വിദ്യാർത്ഥികൾക്കായി പുകയില വിരുദ്ധ പ്രതിജ്ഞ നടപ്പിലാക്കും. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ഡിജിറ്റലായി പ്രതിജ്ഞയെടുക്കാനുള്ള സൗകര്യവും ഒരുക്കും.
പഞ്ചായത്ത് തളത്തിൽ സമിതികൾ രൂപീകരിച്ച് വാർഡുകളെയും തുടര്ന്ന് പഞ്ചായത്തുകളെയും പൂർണമായി പുകയിലരഹിതമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്സൽ, കേരള വൊളണ്ടറി ഹെൽത്ത് സർവീസസ് പ്രതിനിധി വി. സജു ഇട്ടി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസം, എക്സൈസ്, പോലീസ്, തദ്ദേശ സ്വയംഭരണം, ടെക്നിക്കൽ എഡ്യൂക്കേഷൻ, തൊഴിൽ തുടങ്ങിയ വകുപ്പുകളുടെയും എൻ.എസ്.എസ്, എൻ.സി.സി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
- Log in to post comments