Skip to main content

ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കാൻ ജില്ലാ ഭരണകൂടം

‘സൂക്ഷ്മദർശിനി’ ‘റീഡ് ലേബൽ, ഈറ്റ് റൈറ്റ്’ ക്യാമ്പയിന് തുടക്കമായി 

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലേബലുകൾ വായിച്ച് പോഷകവിവരങ്ങൾ മനസ്സിലാക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബി.പി.സി.എൽ -ന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഭക്ഷ്യലേബൽ ബോധവൽക്കരണ ക്യാമ്പയിനായ ‘സൂക്ഷ്മദർശിനി – 'റീഡ് ലേബൽ, ഈറ്റ് റൈറ്റ്’ ന് തുടക്കമായി. എറണാകുളം സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ് സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക  ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

2026 നവംബർ മുതൽ 2027 ഫെബ്രുവരി വരെ ജില്ലയിലെ 14 സോണുകളിലായി 50 സ്കൂളുകളിലാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ സ്കൂളിലെയും വിദ്യാർഥികൾക്കായി മൂന്ന് ആശയവിനിമയ ക്ലാസുകൾ വീതം സംഘടിപ്പിക്കും. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലേബലുകൾ വായിക്കുന്നതിനും അവയിലെ പോഷകവിവരങ്ങൾ തിരിച്ചറിയുന്നതിനും ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരമ്പരാഗത ക്ലാസ് മുറി പഠനരീതികൾക്ക് പകരം ഗെയിമുകളും പ്രായോഗിക പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിയുള്ള പ്രവർത്തനാധിഷ്ഠിത രീതിയിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ, അവയുടെ അളവ്, മറ്റ് വിവരങ്ങൾ എന്നിവ മനസ്സിലാക്കി ബോധപൂർവമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്താൻ കുട്ടികളെ പരിശീലിപ്പിക്കും.

  സെന്റ് തെരേസാസ് കോളേജിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം, കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗം, ഗ്ലോബൽ ഷേപ്പേഴ്സ് കമ്മ്യൂണിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സ്കൂളുകളിലെ ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ഓഫീസർമാർക്കും സന്നദ്ധപ്രവർത്തകർക്കും അധ്യാപകർക്കുമായി പരിശീലനവും ഓറിയന്റേഷൻ സെഷനും സംഘടിപ്പിച്ചു. ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ മൊഡ്യൂളുകൾ, പഠനപ്രവർത്തനങ്ങൾ, സ്കൂളുകളിൽ അവ നടപ്പിലാക്കുന്ന രീതി എന്നിവ സെഷനിൽ വിശദീകരിച്ചു.

സബ് കളക്ടർ  ഗ്രന്ഥേ സായി കൃഷ്‌ണ, ബി.പി.സി.എൽ സീനിയർ മാനേജർ (CSR) രാജീവ്, മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ അബ്ബാസ്, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ജോസ് ലോറൻസ്, എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ,
ജില്ലയിലെ 50 സ്കൂളുകളിൽ നിന്നുള്ള പ്രധാനാധ്യാപകർ, നോഡൽ അധ്യാപകർ, ഫുഡ് സേഫ്റ്റി ഓഫീസർമാർ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംഘടനകളിലെയും പ്രതിനിധികൾ, കളക്ടറേറ്റ് ഇന്റേൺസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date