ജില്ലാതല ശിശുദിനാഘോഷം നവംബര്‍ 14-ന് മലപ്പുറത്ത്
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നവംബര്‍ 14-ന് മലപ്പുറത്ത് വിപുലമായി നടക്കും. ഒക്ടോബര്‍ 24-ന് ആരംഭിച്ച വര്‍ണ്ണോത്സവ പരിപാടികളുടെ സമാപനം കൂടിയാണ് ശിശുദിനത്തില്‍ നടക്കുന്നത്. രാവിലെ എട്ടിന് ജില്ലാ കളക്ടറുടെ വസതിയുടെ പരിസരത്തു നിന്ന് ആരംഭിക്കുന്ന വര്‍ണ്ണാഭമായ ശിശുദിന റാലി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ സമാപിക്കുന്ന റാലിക്കു ശേഷം 8.30ന് കുട്ടികളുടെ നേതൃത്വത്തില്‍ ശിശുദിന സംഗമം ആരംഭിക്കും.
പ്രസംഗ മത്സര വിജയികളായ കുട്ടികളാണ് ശിശുദിന സംഗമത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളുടെ പ്രധാനമന്ത്രി വി.കെ.ടി. ഇഹാന്‍ റിസ് (എല്‍.പി. ഒന്നാം സ്ഥാനം) സംഗമം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് എസ്സ ഫാത്തിമ (യു.പി. ഒന്നാം സ്ഥാനം) അധ്യക്ഷത വഹിക്കും. കെ. അവന്തിക (എല്‍.പി. രണ്ടാം സ്ഥാനം) സ്വാഗതവും കുട്ടികളുടെ സ്പീക്കര്‍ അലിഷ് ബി. റഫീഖ് (യു.പി. രണ്ടാം സ്ഥാനം) ശിശുദിന സന്ദേശവും നല്‍കും. അഗ്ന അശ്മി സുരേഷ് (യു.പി. മൂന്നാം സ്ഥാനം) പ്രഭാഷണവും ആമേയ പുല്ലാനിക്കാട് (എല്‍.പി. മൂന്നാം സ്ഥാനം) കൃതജ്ഞതയും രേഖപ്പെടുത്തും.
രാവിലെ ഒന്‍പതിന് ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ശിശുദിന സ്റ്റാമ്പ് പ്രകാശനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിക്കും. പ്രസംഗ മത്സര വിജയികളെ ബാലാവകാശ കമ്മീഷന് അംഗം അഡ്വ. ഷാജേഷ് ഭാസ്കര്‍ ആദരിക്കും. വര്‍ണ്ണോത്സവ വിജയികള്‍ക്ക് മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. വി. റിനിഷയും ബാന്റ് വാദ്യ മത്സര വിജയികള്‍ക്ക് സി.ഡബ്ല്യു.സി. ചെയര്മാന് എ. മമ്മു മാസ്റ്ററും സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ചടങ്ങില്‍ എ.ഡി.എം. പി.ഒ. സാദിഖ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എസ്.എല്‍. ശ്യാം ശങ്കര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സലാവുദ്ദീന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. സുനിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ സുമ, പ്രീതി ജോസഫ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. എ.വി. ഷീന, ജോയിന്റ് സെക്രട്ടറി പി. രാജന്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.എസ്. സുരേഷ് കുമാര്‍, കെ. ജയപ്രകാശ്, കെ. പ്രസീത, വി. വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി. സതീശന് സ്വാഗതവും ട്രഷറര്‍ വി.ആര്. യശ്പാല്‍ നന്ദിയും രേഖപ്പെടുത്തും.
- Log in to post comments