കുറ്റിപ്പുറം താലൂക്ക് ആശുപത്രി: പുതിയ കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിൽ
കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. 75 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
പെയിന്റിങ്, ഫ്ലോറിങ്, ഇലക്ട്രിക്കൽ പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്.
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 17.85 കോടി രൂപ ചെലവിലാണ് നാല് നിലകളിലായി 4,419 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വാലിറ്റി, ഒ.പി, ഫാർമസി, ഇൻജക്ഷൻ റൂം, പ്ലാസ്റ്റർ റൂം, ഇ.സി.ജി റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഒരുക്കും. ഒന്നാം നിലയിൽ ലേബർ റൂം ഓപ്പറേഷൻ തിയേറ്റർ, ജനറൽ ഓപ്പറേഷൻ തിയേറ്റർ, പ്രീ-ഓപ്പറേറ്റീവ് വാർഡ്, നഴ്സിങ് സ്റ്റേഷൻ, ന്യൂ ബോൺ ഐ.സി.യു എന്നിവയും രണ്ടാം നിലയിൽ പീഡിയാട്രിക് വാർഡ്, ടോയ്ലറ്റ് ബ്ലോക്ക്, നഴ്സിങ് സ്റ്റേഷൻ, ഡോക്ടേഴ്സ് വിശ്രമ മുറി, ഗൈനക്കോളജി ഒ.പി, പീഡിയാട്രിക് ഒ.പി, ലബോറട്ടറി, ജനറൽ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു എന്നിവയും സജ്ജീകരിക്കും. മൂന്നാം നിലയിൽ പുരുഷ വാർഡ്, സ്ത്രീകളുടെ വാർഡ്, നഴ്സിങ് സ്റ്റേഷൻ, മെഡിക്കൽ ഓഫീസർ റൂം, ഓഫീസ് റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് തുടങ്ങിയവയാണ് ഒരുക്കുന്നത്.
കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ നേരിട്ടെത്തി വിലയിരുത്തി. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിച്ച എം.എൽ.എ പുതിയ കെട്ടിടത്തിൽ ഒരുക്കേണ്ട അനുബന്ധ സൗകര്യങ്ങൾ സംബന്ധിച്ച പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി നിയമസഭയിലും സർക്കാർ തലത്തിലും എം.എൽ.എ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് പുതിയ കെട്ടിട പദ്ധതി യാഥാർഥ്യമാകുന്നത്. പ്രതിദിനം ആയിരത്തിലേറെ രോഗികൾ എത്തുന്ന ആശുപത്രിയിൽ കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസാദ് അജയ് എ.വി, പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളിയുടെ അബ്ദുള്ളക്കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷലീജ്, ജനപ്രതിനിധികളായ അബ്ദുൽ കരീം, റഷീദ് കിഴിശ്ശേരി, ലിജി ജാസ്മിൻ പരപ്പാര, കെ.പി സക്കീർ, കെ.പി അസീസ്, സുലൈമാൻ പിലാത്തേത്ത്, വഹീദ, മുംതാസ്, ജസീന, മെഡിക്കൽ ഓഫീസർ നിഷ, പരപ്പാര സിദ്ദീഖ്, സയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ, ഹുസൈൻ കൊട്ടിലുങ്ങൽ, എം.സി ഹമീദ്, ഹമീദ് നടുവട്ടം, ടി.പി ഇബ്രാഹീം, ഷമീർ ടി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ വിനു ജോസ്, മുഹമ്മദ് ഹിഷാം, ജിനേഷ്, രാജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments