Skip to main content

വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ: താത്പര്യപത്രം ക്ഷണിച്ചു

           സർക്കാർ ഓഫീസുകൾ വയോജന സൗഹൃദമാക്കുന്നതിന് സർക്കാർ അംഗീകരിച്ച വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കുന്നതിന് യോഗ്യരായ സ്ഥാപനങ്ങളിൽ നിന്ന് സാമൂഹ്യനീതി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു.

           ആദ്യഘട്ടത്തിൽ 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഓഫീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഓഫീസുകളുടെ അടിസ്ഥാന വിലയിരുത്തൽ, ഏകീകൃത സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളുടെ രൂപീകരണം, സ്ഥലപരിശോധന, സ്‌കോറിംഗ്, ജീവനക്കാർക്കുള്ള പരിശീലനം, സ്വതന്ത്ര മൂന്നാംകക്ഷി വിലയിരുത്തൽ, സർട്ടിഫിക്കേഷൻ, തുടർനിരീക്ഷണം, സർട്ടിഫിക്കേഷൻ പുതുക്കൽ എന്നിവ നടപ്പിലാക്കും. അപേക്ഷകൾ, പരിശോധനാ വിവരങ്ങൾ, സർട്ടിഫിക്കേഷൻനില എന്നിവ കൈകാര്യം ചെയ്യുന്നതിന് ഡിജിറ്റൽ സംവിധാനവും സർട്ടിഫൈ ചെയ്ത ഓഫീസുകളുടെ പൊതുജനങ്ങൾക്ക് ലഭ്യമായ രജിസ്ട്രിയും വികസിപ്പിക്കും.

           യൂണിവേഴ്‌സൽ ആക്‌സസിബിലിറ്റി, ജെറോന്റോളജി, സോഷ്യൽ വർക്ക്, പൊതുഭരണം, പൊതുനയം, സ്ഥാപനങ്ങളുടെ ഗുണനിലവാര വിലയിരുത്തൽ, പരിശീലനം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യവും പ്രവൃത്തിപരിചയവുമുള്ള അക്കാദമിക്, ഗവേഷണ, പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും മറ്റ് യോഗ്യരായ സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.

           തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനം 14 ജില്ലകളിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ഓഫീസിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കുക, പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, നിരീക്ഷണ-വിലയിരുത്തൽ റിപ്പോർട്ടുകൾ തയ്യാറാക്കുക, പദ്ധതിയുടെ തുടർവ്യാപനത്തിനും സുസ്ഥിരതയ്ക്കുമുള്ള രൂപരേഖ തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കണം.

           താത്പര്യപത്രം നിശ്ചിത മാതൃകയിലും ആവശ്യമായ രേഖകൾ സഹിതവും നവംബർ 20 വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, അഞ്ചാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 വിലാസത്തിൽ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 4760/2026

date