കൈത്തറി സാങ്കേതികവിദ്യയില്‍നിന്ന് ഫാഷന്‍ ഡിസൈനിങ്ങിലേക്ക്; ദിശയില്‍ ശ്രദ്ധേയമായി ഐഐഎച്ച്ടി
കൈത്തറി മേഖലയിലെ പാരമ്പര്യവും ആധുനിക ടെക്സ്റ്റൈല്‍ സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പുതിയ തലമുറയ്ക്ക് വൈവിധ്യമാര്‍ന്ന ഉപരിപഠന-തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (ഐഐഎച്ച്ടി). പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദിശ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ് പരിപാടിയുടെ ഭാഗമായി ഒരുക്കിയ സ്ഥാപനത്തിന്റെ സ്റ്റാള്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധ നേടി. കോഴ്സുകളെക്കുറിച്ച് വിവരങ്ങള്‍ തേടിയ 180 തോളം വിദ്യാര്‍ഥികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു.
2013 ല്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സാണ് സ്ഥാപനത്തിലെ പ്രധാന പഠനപരിപാടി. പത്താം ക്ലാസ് വിജയമാണ് പ്രവേശനയോഗ്യത. മൂന്ന് വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. പരമ്പരാഗത നെയ്ത്തുരീതികള്ക്കൊപ്പം ആധുനിക ടെക്സ്റ്റൈല്‍ സാങ്കേതികവിദ്യകളിലും പ്രായോഗിക പരിശീലനം നല്കുന്നു. ഫാഷന്‍, വസ്ത്രനിര്‍മാണം, ഇന്റീരിയര്‍ ഡിസൈനിങ് മേഖലകളിലും സ്ഥാപനത്തിനു കീഴില്‍ പഠനസാധ്യതകളുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ ബി.എസ്സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ബി.എസ്സി ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണിഷിങ് എന്നീ നാല് വര്‍ഷ ബിരുദ കോഴ്സുകളും നടത്തുന്നു. ഓരോ വര്‍ഷവും ഏകദേശം നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്നു. പ്ലേസ്മെന്റ് പിന്തുണയും കരിയര്‍ മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുന്ന സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ടെക്സ്റ്റൈല്‍ വ്യവസായം, ഗാര്‍മെന്റ് നിര്‍മാണം, ഫാഷന്‍, ഇന്റീരിയര്‍ ഡിസൈനിങ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ സാധ്യതകളുണ്ട്. പരമ്പരാഗത പഠനമേഖലകള്ക്കപ്പുറം അഭിരുചിക്കനുസരിച്ചുള്ള പുതിയ കരിയര്‍ സാധ്യതകള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ദിശയിലെ ഇത്തരം പ്രദര്‍ശനങ്ങള്‍.
- Log in to post comments