പൊതുവിതരണം സുതാര്യമാക്കാന്‍ ജില്ലാതല വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു
ജില്ലയിലെ പൊതുവിതരണ സമ്പ്രദായം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും പരാതി രഹിതവുമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല വിജിലന്‍സ് സമിതി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം, സംസ്ഥാന ഭക്ഷ്യഭദ്രതാ ചട്ടം എന്നിവ പ്രകാരം രൂപീകരിച്ച സമിതിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ സപ്ലൈ ഓഫീസര്‍ കണ്‍വീനറുമായാണ് പ്രവര്‍ത്തിക്കുന്നത്. 2026-ല്‍ ചേര്‍ന്ന ആദ്യ ജില്ലാതല വിജിലന്‍സ് സമിതി യോഗമാണിത്.
ജില്ലയിലെ പൊതുവിതരണ മേഖലയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഐ സി ഡി എസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും പരാതികളും യോഗം വിലയിരുത്തി.
ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ 803 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 644 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ കേസുകളിലായി പിഴ ഇനത്തില്‍ ആകെ 7,99,000 രൂപ ഈടാക്കി. കൂടാതെ, ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച 42 പരാതികളില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും വകുപ്പ് പ്രതിനിധികള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളില്‍ ഉപഭോക്തൃ അവകാശങ്ങളെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെയും കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മുഴുവന്‍ സ്കൂളുകളിലും കോളേജുകളിലും കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ ജില്ലയില്‍ 112 സ്കൂള്‍/കോളേജ് കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയിലെ എല്ലാ താലൂക്കുകളിലും താലൂക്ക് തല വിജിലന്‍സ് കമ്മിറ്റികളും റേഷന്‍ കടതല വിജിലന്‍സ് കമ്മിറ്റികളും ചേരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കില്‍ ഇതിനോടകം താലൂക്ക് തല വിജിലന്‍സ് കമ്മിറ്റി ചേര്‍ന്നു. എല്ലാ താലൂക്കുകളിലും നിലവില്‍ പൊതുവിപണി പരിശോധന നടത്തി വരുന്നുണ്ട്. 2026 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 513 പരിശോധനകള്‍ നടത്തിയതില്‍ 43 ക്രമക്കേടുകള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. എ ഡി എം കെ ബാലഗോപാലന്, ജില്ലാ സപ്ലൈ ഓഫീസര്‍ എം സുനില്‍ കുമാര്‍, എം.എല്‍.എ മാരുടെ
പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments