മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: ജില്ലയിൽ 80 വീടുകൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം
മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ധനസഹായത്തിന് അർഹരായവരെ കണ്ടെത്തുന്നതിനായി ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. യോഗത്തിൽ അർഹരായ അപേക്ഷകരെ കണ്ടെത്തി. ഇതോടെ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരു വീടിന് ഒരു ലക്ഷം രൂപ വീതം 80 വീടുകൾക്ക് ധനസഹായം ലഭിക്കും.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു പദ്ധതി ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. ആകെ 488 അപേക്ഷകളാണ് ലഭിച്ചത്. 215 അപേക്ഷകൾ ലഭിച്ച കൊയിലാണ്ടിയാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച മാണ്ഡലം. വടകരയിൽ 139, കോഴിക്കോട് മണ്ഡലത്തിൽ 83, ബേപ്പൂരിൽ 51 എന്നിങ്ങനെയാണ് അപേക്ഷകളുടെ എണ്ണം.
വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ, മത്സ്യത്തൊഴിലാളികളുടെ വിധവകൾ/അഗതികൾ, കടൽ അപകടങ്ങളിൽ കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബങ്ങൾ, ഒന്നിലധികം കുടുംബങ്ങൾ ഉൾപ്പെടുന്ന കൂട്ടുകുടുംബങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments