സരസ് മേള: ഘോഷയാത്രയില്‍ അണിനിരക്കുക ആറായിരം പേര്‍. കാവടിയാട്ടവും ബാന്‍ഡ് മേളവും ചെണ്ടമേളവും ഉള്‍പ്പെടെ കലാ വൈവിധ്യങ്ങളുണ്ടാവും
ഡിസംബര്‍ 22ന് ആരംഭിക്കുന്ന സരസ് മേളയ്ക്ക് ആവേശകരമായ വരവേല്‍പ്പ് നല്‍കുന്നതിനായി ആറായിരം പേരെ പങ്കെടുപ്പിച്ച് വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കാന്‍ തീരുമാനം. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഘോഷയാത്ര് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. ജോയ് എം.എല്‍ എ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മലപ്പുറത്തിന്റെ തനിമയും കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പാരമ്പര്യവും ഒരുപോലെ വിളിച്ചോതുന്ന രീതിയില്‍ ജനകീയ പങ്കാളിത്തത്തോടെയായിരിക്കും ഘോഷയാത്ര സംഘടിപ്പിക്കുക. കാവടിയാട്ടം, ബാന്‍ഡ് മേളം, ചെണ്ടമേളം തുടങ്ങി ആകര്‍ഷകമായ കലാരൂപങ്ങളും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രകടനങ്ങളും ഘോഷയാത്രയ്ക്ക് വര്‍ണപ്പകിട്ടേകും. കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ജനകീയ സമിതികള്‍, വിവിധ ക്ലബ്ബുകള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. മലപ്പുറത്തിന്റെ തനത് കലാരൂപങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും പ്രാദേശിക സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക ചുവടുകളും ഘോഷയാത്രയില്‍ പ്രതിഫലിപ്പിക്കും. സരസ് മേളയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും മേളയെ നാടിന്റെ മഹോത്സവമാക്കി മാറ്റുന്നതിനും വിപുലമായ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഘോഷയാത്രയെ മലപ്പുറത്തിന്റെ സാംസ്‌കാരിക ആഘോഷത്തിന്റെ മഹത്തായ മുഖമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഘോഷയാത്ര ഉപസമിതിയുടെ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഉപസമിതി ജനറല്‍ കണ്‍വീനര്‍ ഹനീഫ മൂന്നിയൂര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ ടി അജ്മല്‍, ജില്ലാ ആസ്ത്രണ സമിതി അംഗം ഷാജി പാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി സലാഹ് ഇ പി, സഫിയ ഹസ്സന്‍ ചേലേമ്പ്ര, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ജലീല്‍ ചോലക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഷബ്ന ഇബ്രാഹിം, മെമ്പര്‍മാരായ മുഹമ്മദ് ഹനീഫ, ഹസീന ഫസല്‍, ഫസീല ഇര്‍ഷാദ്, അഹമ്മദ് എംപി, മൈമൂന എന്‍. ടി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജ്‌ന ഉമ്മര്‍, മെമ്പര്‍ സെക്രട്ടറി രൂപേഷ് ടി. കെ, ജില്ലമിഷന്‍ ടീം അംഗങ്ങള്‍, അക്കൗണ്ടന്റ്മാര്‍, സി.ആര്‍.പിമാര്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments