വിവരാവകാശ നിയമം: പ്രധാനാധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകും – വിവരാവകാശ കമ്മീഷണര്‍
വിവരാവകാശ നിയമത്തെക്കുറിച്ച് സ്കൂൾ പ്രധാനാധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകേണ്ടതുണ്ടെന്നും ഇതിനാവശ്യമായ സംവിധാനം ഏർപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ രാമകൃഷ്ണൻ പറഞ്ഞു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിലെ വിവരാവകാശ ഓഫീസർമാരായ പ്രധാനാധ്യാപകർ അപേക്ഷകൾക്ക് മറുപടി നൽകുമ്പോൾ നിയമപ്രകാരം ഉൾപ്പെടുത്തേണ്ട പല വിശദാംശങ്ങളും രേഖപ്പെടുത്താറില്ലെന്ന് കമ്മീഷണർ ചൂണ്ടിക്കാട്ടി. മറുപടി നൽകുന്ന ഉദ്യോഗസ്ഥന്റെ പേര്, ഒപ്പ്, ഔദ്യോഗിക പദവി, ഓഫീസ് മുദ്ര, തീയതി, ഫോൺ നമ്പർ, അപ്പീൽ അധികാരിയുടെ വിലാസം, അപ്പീൽ നൽകേണ്ട കാലാവധി തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
രജിസ്റ്റേർഡ് തപാലിൽ അയച്ച വിവരാവകാശ അപേക്ഷ സ്വീകരിക്കാത്ത വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കും. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ഹിയറിങ്ങിൽ 18 ഹർജികൾ തീർപ്പാക്കി.
- Log in to post comments