അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അതിഥി തൊഴിലാളികൾക്കിടയിൽ ഫൈലേറിയ, മലേറിയ, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനുമായി 'അതിഥി ദേവോ ഭവ' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെയും അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. ജില്ലാ മെഡിക്കൽ വിഭാഗം വർഷംതോറും നടത്തിവരുന്ന ക്യാമ്പിന്റെ ഭാഗമായി ചമ്മണ്ണൂർ, ആറ്റുപുറം എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശേരി നിർവഹിച്ചു. ക്യാമ്പിൽ അതിഥി തൊഴിലാളികൾക്ക് രക്തപരിശോധന നടത്തി. വിവിധ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ബോധവത്കരണം നൽകി. 150 ഓളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്മിത, രാഹുൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അണ്ടത്തോട് ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
- Log in to post comments