Skip to main content

ശിശുദിന വാരാഘോഷം: ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ഫുട്ബോൾ ചാമ്പ്യൻഷിപ്പും വടംവലി മത്സരവും സംഘടിപ്പിച്ചു. ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, യുവത കൾച്ചറൽ ഓർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെ തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം ടർഫിലായിരുന്നു മത്സരങ്ങൾ.

കുട്ടികളിൽ കായികാഭിരുചി വളർത്തുക, ശാരീരികക്ഷമത മെച്ചപ്പെടുത്തുക, കൂട്ടായ്മയും സൗഹൃദവും ടീം സ്പിരിറ്റും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഏഴാമത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ആൺകുട്ടികൾക്കായി നടന്ന ഫുട്ബോൾ മത്സരത്തിൽ പെരിന്തൽമണ്ണ സായിസ്നേഹതീരം വിജയികളായി. തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം റണ്ണേഴ്സായി. കരുവാരക്കുണ്ട് ദാറുന്നജാത്ത് വിദ്യാർഥികളും മത്സരത്തിൽ പങ്കെടുത്തു. പെൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മങ്കട യതീംഖാന വിജയികളും എൻട്രി ഹോം റണ്ണേഴ്സുമായി. കരുവാരക്കുണ്ട് ദാറുന്നജാത്ത് വിദ്യാർഥികളും പങ്കെടുത്തു.

ആൺകുട്ടികൾക്കായി നടന്ന വടംവലി മത്സരത്തിൽ തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിനെ പരാജയപ്പെടുത്തി കരുവാരക്കുണ്ട് ദാറുന്നജാത്ത് വിജയികളായി. പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ മങ്കട യതീംഖാന വിജയികളായി. കരുവാരക്കുണ്ട് ദാറുന്നജാത്ത്, രണ്ടത്താണി ശാന്തിഭവനം, എൻട്രി ഹോം ഫോർ ഗേൾസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളും വടംവലിയിൽ മാറ്റുരച്ചു.

ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്കർ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം പുളിക്കൽ ശ്രീജ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. ഫാനൂജ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ എ. മമ്മു, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.എൻ ധന്യ, പ്രൊട്ടക്ഷൻ ഓഫീസർ എ.കെ മുഹമ്മദ് സാലിഹ്, പ്രൊബേഷൻ ഓഫീസർ അഡ്വ. പി. ഫവാസ്, ഗവൺമെൻറ് ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എൻ.ടി സൈനബ, ചിൽഡ്രൻസ് ഹോം കൗൺസിലർ പി.ടി ശിഹാബുദ്ദീൻ, എൻട്രി ഹോം മാനേജർ ആര്യ, ഗവൺമെൻറ് ചിൽഡ്രൻസ് ഹോം മാനേജ്‌മെന്റ് കമ്മിറ്റി അംഗം രാജൻ തുടങ്ങിയവർ പങ്കെടുത്തു.

date