യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ഇൻഡസ്ട്രി മീറ്റ് ഇന്ന്
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പരിവർത്തനോന്മുഖ പരിപാടിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം അഥവാ വൈ.ഐ.പിയുടെ ഒമ്പതാം പതിപ്പ് ഇന്ന് രാവിലെ 11 ന് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. റോജി എം ജോൺ ഉദ്ഘാടനം ചെയ്യും.
സ്കൂൾ, കോളേജ്, ഗവേഷണ തലത്തിലുള്ള 13നും 37നും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും പ്രായോഗികമാക്കുവാനും ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ നൽകുന്ന പരിപാടിയാണിത്. മുഖ്യമന്ത്രി ചെയർമാനായുള്ള കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ-ഡിസ്ക്) ഈ പരിപാടി നയിക്കുന്നത്.
കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമാൽ മണക്കാടൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ - ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സുദീപ് നായർ സ്വാഗതം പറയും.
വൈ.ഐ.പി.യുടെ മുൻ പതിപ്പുകളിലും സാമൂഹിക പ്രസക്തിയുള്ള നിരവധി നൂതനാശയങ്ങൾ വിദ്യാർത്ഥികൾ സമർപ്പിച്ചിട്ടുണ്ട്. പരുത്തിപ്പള്ളി വി.എച്ച്.എസ്.എസ്. വിദ്യാർത്ഥി ജസൽ എൻ.എസ്. വികസിപ്പിച്ച ഓക്സിജൻ വാതക ഡിറ്റക്ഷൻ സംവിധാനം, പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്. വിദ്യാർത്ഥികളായ ഗോവിന്ദ് ആർ., വൈഷ്ണവ് സുരേഷ് എന്നിവർ വികസിപ്പിച്ച സ്മാർട്ട് അസിസ്റ്റീവ് ജെസ്റ്റർ റെക്കഗ്നിഷൻ ഗ്ലൗസ്, മാനന്തവാടി ഗവ. എൻജിനീയറിങ് കോളേജിലെ അനുരാജ് എൻ. വികസിപ്പിച്ച വോയ്സ് കൺട്രോൾ ഇലക്ട്രിക് വീൽചെയർ കിറ്റ്, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ക്രിസ്റ്റഫർ ജേക്കബ്, അശ്വിൻ എ. നായർ, ജെനിൻ ജി. ജോർജ് എന്നിവർ വികസിപ്പിച്ച സ്മാർട്ട് നട്ട്മെഗ് ഡിഷെല്ലർ സംവിധാനം എന്നിവ ശ്രദ്ധേയമായവയാണ്. 30-ലധികം സ്റ്റാർട്ടപ്പുകൾ വൈ.ഐ.പി.യിൽ നിന്ന് ഉയർന്നുവന്നത് ഈ പരിപാടിയുടെ നേട്ടങ്ങളിലൊന്നാണ്.
ഒൻപതു പതിപ്പുകളിലായി വൈ.ഐ.പി.യിൽ ഇതുവരെ 16 ലക്ഷത്തിനു മുകളിൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും 1,31,548 ടീമുകൾ ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 597 ടീമുകൾ സംസ്ഥാനതലത്തിൽ വിജയികളായി. 432 ടീമുകൾ പ്രോട്ടോടൈപ്പുകൾ വികസിപ്പിച്ചെടുക്കുകയും അതിൽ 32 ടീമുകൾ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ 12 ടീമുകൾ പേറ്റന്റ്റ് ഘട്ടത്തിൽ എത്തിയിട്ടുണ്ട്. വിന്നേഴ്സ് ഗ്രാന്റ് ഇനത്തിൽ നാല് കോടിയിലധികം രൂപ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുവാനും ഈ പരിപാടിയിലൂടെ സാധിച്ചു. വിജയകരമായി പ്രോട്ടോടൈപ്പ് പൂർത്തിയാക്കുന്ന ടീമുകൾക്ക് വിവിധ ഇൻക്യുബേഷൻ പ്രവർത്തനങ്ങളിലൂടെ ഉൽപ്പന്ന വികസനം, നൂതന ആശയങ്ങളുടെ വാണിജ്യവൽക്കരണം, സ്റ്റാർട്ടപ്പ് രൂപീകരണം എന്നിവയ്ക്കാവശ്യമായ പിന്തുണയും നൽകുന്നു.
വൈ.ഐ.പി.യിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ 53.03 ശതമാനം പെൺകുട്ടികളാണ്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പങ്കാളിത്തം 16.52 ശതമാനമാണ്. 27 വിഷയമേഖലകളിലായാണ് വിദ്യാർത്ഥികൾ വൈ.ഐ.പി.യിൽ ആശയങ്ങൾ സമർപ്പിക്കുന്നത്. ഇന്ന് 9,300 അക്കാദമിക് സ്ഥാപനങ്ങൾ, 27,500 ഫെസിലിറ്റേറ്റർമാർ, 100-ലധികം മെന്റററിങ് സ്ഥാപനങ്ങൾ, 1,200-ലധികം മൂല്യനിർണ്ണയകർ, 250-ലധികം മെന്ററർമാർ എന്നിവരടങ്ങിയ വിപുലമായ ഇന്നൊവേഷൻ ആവാസവ്യവസ്ഥയായി വൈ.ഐ.പി. വളർന്നിരിക്കുകയാണ്.
ഇന്നൊവേഷൻ, ഡിസൈൻ തിങ്കിങ്, സംരംഭകത്വം എന്നിവയിൽ പരിശീലനം നൽകുന്നതിന്
അധ്യാപകർ, നയരൂപകർത്താക്കൾ, ഇൻഡസ്ട്രി വിദഗ്ധർ, ഗവേഷകർ എന്നിവരെ ഒരുമിപ്പിക്കുകയും ചെയ്യുകയും വിഷയവിദഗ്ധരുടെ മാർഗനിർദേശവും മെന്ററർഷിപ്പും ലഭ്യമാക്കുകയും ചെയ്യുന്നു.
സംസ്ഥാന വിജയികൾക്ക് വിന്നേഴ്സ് ഗ്രാന്റും അർഹമായ പദ്ധതികൾക്ക് തുടർ സാമ്പത്തിക സഹായവും നൽകുകയും പ്രോട്ടോത്തോൺ പോലുള്ള പ്രവർത്തനങ്ങളിലൂടെ ഉൽപ്പന്ന വികസനത്തിനും സ്റ്റാർട്ടപ്പ് രൂപീകരണത്തിനും അവസരമൊരുക്കുകയും ചെയ്യുന്നു. ഇതിന് മ പുറമേ, വിദ്യാർത്ഥികൾക്ക് ആക്ടിവിറ്റി പോയിന്റുകളും ഗ്രേസ് മാർക്കും നൽകുന്നു.
വൈഐപി 9.0 ൽ സ്കൂൾ കോളേജ് വിഭാഗങ്ങളിൽ നിന്നായി 51,000 ആശയങ്ങളാണ് സമർപ്പിക്കപ്പെട്ടത്.
2026 ഓഗസ്റ്റ് 31-ന് ആശയസമർപ്പണം പൂർത്തിയായ സ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്തെ 4,695 സ്കൂളുകളിൽ നിന്നായി 2,38,807 വിദ്യാർത്ഥികൾ പങ്കാളികളാകുകയും 23,560 ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിഷയവിദഗ്ധരുടെ പങ്കാളിത്തത്തോടെ ആശയങ്ങളുടെ പ്രാഥമിക മൂല്യനിർണയം പൂർത്തിയാക്കിയതിനെത്തുടർന്ന് 2,449 ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യത നേടിയ ടീമുകൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലായി ആരംഭിച്ചുകഴിഞ്ഞു. പരിശീലനം നവംബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.
YIP 9.0 കോളേജ് വിഭാഗത്തിലെ ആശയസമർപ്പണം 2026 ഒക്ടോബർ 31-ന് പൂർത്തിയായി. സംസ്ഥാനത്തുടനീളമുള്ള വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 1,38,163 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളാകുകയും 27,402 ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലഭിച്ച ആശയങ്ങളുടെ പ്രാഥമിക മൂല്യനിർണയ നടപടികൾ പുരോഗമിച്ചുവരികയാണ്. ഈ മാസം അവസാനത്തോടെ പ്രാഥമിക വിജയികളെ പ്രഖ്യാപിക്കാനും തുടർന്ന് യോഗ്യത നേടിയ ടീമുകൾക്കായുള്ള പരിശീലന പരിപാടികൾ ആരംഭിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
- Log in to post comments