റോഡ് അപകട ഇരകളുടെ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു റോഡ് നിയമപാലനം സംസ്കാരത്തിന്റെ ഭാഗമാകണം: ജില്ലാ കലക്ടർ
റോഡ് നിയമപാലനം ഓരോരുത്തരുടെയും സംസ്കാരത്തിൻ്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. ലോക റോഡ് അപകട ഇരകളുടെ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവബോധ പരിപാടിയിൽ ദീപം തെളിക്കുകയായിരുന്നു കലക്ടർ. കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ 3,733 പേർക്ക് ജീവൻ നഷ്ടമായി. ജില്ലയിൽ ഇതേ കാലയളവിൽ 366 പേർ റോഡ് അപകടങ്ങളിൽ മരിച്ചു. ഓരോ വർഷവും ഏകദേശം അഞ്ച് ശതമാനം മരണങ്ങൾ റോഡ് അപകടങ്ങളെ തുടർന്നാണ് സംഭവിക്കുന്നത്. ഏറ്റവും ചെറിയ യാത്രയിലും മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്ടർ ഓർമിപ്പിച്ചു.
നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോക റോഡ് അപകട ഇരകളുടെ ഓർമദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടമായവരെയും ഗുരുതരമായി പരിക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുസ്മരിക്കുകയും റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. അവബോധ പരിപാടിയോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആശ്രാമം മുതൽ കൊല്ലം ബീച്ച് വരെ സന്ദേശ റാലിയും സംഘടിപ്പിച്ചു.
ചടങ്ങിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു കുഞ്ഞുമോൻ റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലി. ആർ ടി ഒ വി.ജോയ് അധ്യക്ഷനായി. അസിസ്റ്റൻറ് മോട്ടോർ ഇൻസ്പെക്ടർ എസ്. സതീഷ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments