22-ാംമത് സംസ്ഥാന എക്സൈസ് കലാകായികമേള സമാപിച്ചു എക്സൈസ് വകുപ്പിന്റെ പ്രവർത്തനം ശ്ലാഘനീയം: മന്ത്രി അഡ്വ.ബിന്ദു കൃഷ്ണ
സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ത്യാഗപൂർണമായ സംഭാവനകൾ നൽകുന്ന പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നാണ് എക്സൈസ് വകുപ്പെന്ന് തൊഴിൽ,വനിതാ-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 22-ാംമത് സംസ്ഥാന എക്സൈസ് കലാകായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരിമിതമായ അംഗബലം മാത്രമുള്ള വകുപ്പാണെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ എറണാകുളം എക്സൈസ് വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി തൃശ്ശൂർ റണ്ണറപ്പായി. കലാ മത്സരത്തിൽ കണ്ണൂർ ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കായിക വിഭാഗത്തിൽ എറണാകുളം ഒന്നാം സ്ഥാനവും കാസർഗോഡ് രണ്ടാം സ്ഥാനവും നേടി.
എം എം നസീർ എം എൽ എ അധ്യക്ഷനായി. അഡിഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ജയശങ്കർ, ഡെപ്യൂട്ടി മേയർ ഡോ.ഉദയ സുകുമാരൻ, ദക്ഷിണമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ആർ ഗോപകുമാർ, ജോയിൻറ് എക്സൈസ് കമ്മീഷണർ ഇ ഐ & ഐ ബി കെ.എസ്.സുരേഷ്, ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എച്ച് നൂറുദ്ദീൻ, വകുപ്പ് ഉദ്യോഗസ്ഥരായ എ അബ്ദുൽ മനാഫ്, സാജൻ പോൾ, വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത സംസ്ഥാന എക്സൈസ് കലാകായിക മേളയ്ക്കുള്ള പതാക തൃശൂർ കായിക ഉദ്യോഗസ്ഥൻ സി ഐ ആദർശ് ഏറ്റുവാങ്ങി. സംഘടന മികവിന് കെ എസ് ഇ എസ് എ സംസ്ഥാന സെക്രട്ടറി ആരോമലിനെ മന്ത്രി ആദരിച്ചു.
- Log in to post comments