Skip to main content

നാലാം വളവ്– നൂറാംതോട് റോഡ് നവീകരണം ടെണ്ടര്‍ നടപടികളിലേക്ക്; ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും

 

മലയോര മേഖലയിലെ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാം വളവില്‍ തുടങ്ങി പൊട്ടിക്കൈ വഴി അടിവാരം നൂറാംതോട് വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി ടെണ്ടര്‍ നടപടികളിലേക്ക് കടന്നതായി സി. കെ. കാസിം എം. എൽ. എ. അറിയിച്ചു. നേരത്തെ 26 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും പ്രവൃത്തിക്ക് ലഭിച്ചിരുന്നു. കേന്ദ്ര റോഡ് പശ്ചാത്തല വികസന ഫണ്ടില്‍ (സി.ആര്‍.ഐ.എഫ്.) നിന്നാണ് സാങ്കേതിക അനുമതി ലഭിച്ചത്.10.1 കിലോമീറ്റര്‍ റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചതെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും എം. എല്‍. എ. പറഞ്ഞു.

റോഡ് നവീകരണം യാഥാര്‍ഥ്യമാകുന്നതോടെ നൂറാംതോട്, അടിവാരം തുടങ്ങിയ പ്രദേശങ്ങളിലെയും സമീപ മലയോര ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്ക് യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടും. ദൈനംദിന യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ചരക്കുഗതാഗതത്തിനും പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷ. അടിവാരം മുതല്‍ നാലാം വളവുവരെ ചുരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനും ഇത് പരിഹാരമാകും.

date