ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല
*ലോകായുക്ത ദിനാചരണം സംഘടിപ്പിച്ചു
ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ നടപടിയെടുക്കാനുള്ള അധികാരം (section 19 Contempt powers) നൽകുന്നതിനുള്ള റൂൾസ് ഭേദഗതി നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെ കൊണ്ടുവന്ന് പാസാക്കിയെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ലോകായുക്തയ്ക്ക് സ്വതന്ത്രമായ ഓഫീസ് മന്ദിരം വേണമെന്നും റിക്കോർഡുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന ലോകായുക്ത ദിനാചരണ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്ത കാര്യക്ഷമമായാൽ ഭരണരംഗത്ത് കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ കഴിയും. പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും തെറ്റ് ചെയ്യാതിരിക്കാനുള്ള ജാഗ്രതാ ശക്തിയായി ലോകായുക്ത മാറണം. പരാതികളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ സ്ഥാപനമല്ലെങ്കിലും ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട സംവിധാനമായാണ് ലോകായുക്ത പ്രവർത്തിക്കുന്നതെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ലോകായുക്തയ്ക്ക് മുന്നിലെത്തുന്ന പരാതികളിൽ 95 ശതമാനത്തിലധികവും സാധാരണക്കാരുടെ വിഷയങ്ങളാണ്. ഇത്തരം പരാതികളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്നത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വലിയ തോതിൽ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണങ്ങൾ മേലുദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനുപകരം സ്വതന്ത്ര അന്വേഷണ ഏജൻസികൾ വഴി അന്വേഷിക്കണമെന്നു യോഗത്തിന് അധ്യക്ഷത വഹിച്ച സംസ്ഥാന ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ പറഞ്ഞു. 119-ഓളം സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ പരിധിയിൽ വരുന്ന സംസ്ഥാന ലോകായുക്ത നിയമത്തിന് ഭരണഘടന പരിരക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകായുക്ത ദിനാചരണത്തിന്റെ ഭാഗമായി നിയമവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൾ കേരള ഇന്റർ-കോളേജിയറ്റ് മൂട്ട് കോർട്ട് മത്സരത്തിൽ കേരള ലോ അക്കാഡമി ലോ കോളേജ് പേരൂർക്കട ഒന്നാം സ്ഥാനമായ ലോകായുക്ത എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. സമ്മാനാർഹരായ മുഹമ്മദ് നസീർ, അലോക മരിയ ബെന്നി എന്നിവർക്ക് വ്യക്തിഗത സമ്മാനമായി 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു. ശ്രീനാരായണ ലോ കോളേജ്, പൂത്തോട്ട രണ്ടാംസ്ഥാനം നേടി. തിരുവനന്തപുരം ഗവ. ലോ കോളേജ് പ്രോത്സാഹന സമ്മാനത്തിന് അർഹരായി. വിജയികൾക്ക് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ ട്രോഫിയും അവാർഡും കൈമാറി.
യോഗത്തിൽ നഗരസഭാ മേയർ വി.വി. രാജേഷ്, ലോകായുക്ത രജിസ്ട്രാർ ഇ. ബൈജു, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫ് അലി, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഗോപിദാസ് ജി, ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. എൻ. എസ്. ലാൽ, കേരള ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം സെക്രട്ടറി അഡ്വ. ബാബു പി. പോത്തൻകോട്, മുൻ ലോകായുക്തമാർ, നിയമവിദഗ്ദ്ധർ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4816/2026
- Log in to post comments