Skip to main content

വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ സംരംഭങ്ങളായി വളരണം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ

വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന നൂതന ആശയങ്ങളെ പ്രായോഗിക ഉൽപ്പന്നങ്ങളായും വിജയകരമായ സംരംഭങ്ങളായും വളർത്തിയെടുക്കാൻ ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. കളമശ്ശേരി രാജഗിരി കോളേജിൽ  നടന്ന കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന വൈ.ഐ.പി ഇൻഡസ്ട്രി മീറ്റ് 
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വ്യത്യസ്തമായി ചിന്തിച്ച് പരിഹാരം കണ്ടെത്താനുള്ള കഴിവാണ് യഥാർഥ നൂതനാശയങ്ങളുടെ അടിസ്ഥാനം. വിദ്യാർത്ഥികൾ വികസിപ്പിച്ച പ്രോട്ടോടൈപ്പുകൾ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. 

ഒരു ആശയത്തെ പ്രോട്ടോടൈപ്പായും തുടർന്ന് വിപണിയിൽ എത്തിക്കാവുന്ന ഉൽപ്പന്നമായും മാറ്റുന്നതിന് ആവശ്യമായ പിന്തുണ ലഭ്യമാക്കണം. ഗവേഷണത്തിനും നൂതനാശയങ്ങൾക്കും സംരംഭകത്വത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ അന്തരീക്ഷം വളർത്തിയെടുക്കേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും നൈപുണ്യവികസനവും പ്രധാനമാണെങ്കിലും പുതിയ അറിവും ഉൽപ്പന്നങ്ങളും സൃഷ്ടിക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രാധാന്യം നൽകണം. ഇവ രണ്ടും സംയോജിക്കുമ്പോഴാണ് നാടിന്റെ സമഗ്ര വികസനം സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം പ്രായമേറുന്ന സമൂഹമായി മാറുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും പുതിയ തലമുറയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണം. മുതിർന്നവരുടെ കഴിവുകളും അറിവും സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന സിൽവർ ഇക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക്  മാർഗനിർദേശവും നൽകാൻ സാധിക്കണം. വിവിധ മേഖലകളിൽ വർഷങ്ങളായി പ്രവർത്തിച്ച് പരിചയസമ്പത്ത് നേടിയവരുടെ അറിവ് യുവസംരംഭകർക്ക് വലിയ പിന്തുണയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്തേണ്ടത് അനിവാര്യമാണ്. വ്യവസായങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചുള്ള നൈപുണ്യവും പ്രതിഭയും വളർത്തിയെടുക്കണം. വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന പ്രോട്ടോടൈപ്പുകളെ വ്യവസായ മേഖലയുമായി ബന്ധിപ്പിച്ച് വിപണിയിലെത്തിക്കാനുള്ള അവസരങ്ങൾ ഒരുക്കണം. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇൻഡസ്ട്രി മീറ്റ് ഇത്തരം സഹകരണത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നൂതന ആശയങ്ങളും പ്രോട്ടോടൈപ്പുകളും അവതരിപ്പിച്ച വിദ്യാർത്ഥികളെ മന്ത്രി അഭിനന്ദിച്ചു. 

രാജഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. സാജു എം.ഡി. സി.എം.ഐ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ-ഡിസ്‌ക്
 എക്സിക്യൂട്ടീവ് ഡയറക്ടർ സുജിത് നായർ, നഗരസഭ ചെയർപേഴ്‌സൺ ജമാൽ മണക്കാടൻ, ആർ & ഡി ഇന്ത്യ, ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഷിനു നായർ, കാബോട്ട് സൊല്യൂഷൻസ് ഡയറക്ടർ & സി.ഇ.ഒ വെങ്കിടേഷ് ത്യാഗരാജൻ, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് ഡയറക്ടർ, ഐ.സി ഡോ. ഷെറിൻ സാം ജോസ്, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരൻ  തുടങ്ങിയവർ പങ്കെടുത്തു.

date