Skip to main content

ഉളിക്കൽ ടൗൺ വികസനം; 70 ലക്ഷം രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തികൾ പൂർത്തിയായി

ഉളിക്കൽ ടൗണിന്റെ വികസനവും സൗന്ദര്യവൽക്കരണവും ലക്ഷ്യമിട്ട് 70 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച നടപ്പാത നിർമാണം, കൈവരി സ്ഥാപിക്കൽ, തെരുവുവിളക്ക് സ്ഥാപിക്കൽ പ്രവൃത്തികളുടെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷനായി.

2025-26 കേരള ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. കണ്ണൂർ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ സാങ്കേതികാനുമതി ലഭിച്ച പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരനായ അബ്ദുൾ പി ജമാൽ ഏറ്റെടുത്ത് പൂർത്തീകരിച്ചു.

ടൗണിലെ ഡ്രെയിനേജ് ഭിത്തികൾ ഉയർത്തി നിർമിക്കുകയും പഴയ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു. കാൽനടയാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പാതയിൽ ടൈലുകൾ പാകി കൈവരികളും സ്ഥാപിച്ചു. കൂടാതെ, പദ്ധതിത്തുകയിൽനിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാതയിൽ തെരുവുവിളക്കുകളും സ്ഥാപിച്ചു.

ഹിൽ ഹൈവേയിലേക്കും വട്ട്യാംതോട്, മാട്ടറ, മണിക്കടവ്, കാഞ്ഞിരക്കൊല്ലി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്കുമുള്ള പ്രധാന പാതയിലെ വികസനപ്രവൃത്തികൾ ടൗണിന്റെ സൗകര്യങ്ങളും സൗന്ദര്യവും മെച്ചപ്പെടുത്തി.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആർ സുജി,ലിസമ്മ ബാബു, വൈസ് പ്രസിഡന്റ് ടോമി മുക്കാനൊളിക്കൽ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി പ്രശാന്ത്, വാർഡ് മെമ്പർമാരായ ശശി, പി സി ഷാജി, ബെന്നി തോമസ്, എബിൻ കുര്യകോസ്,ബിജു, അനീഷ് ബാബു,ബെന്നി തൈപറമ്പിൽ, ലിൻസി, ജോസഫ്, നിർമല ടീച്ചർ എന്നിവർ പങ്കെടുത്തു.

date