കുരുന്നുകളോടൊപ്പം 'മീറ്റ് യുവർ കളക്ടർ 2.0' ശിശുദിന പ്രത്യേക അധ്യായം*
കുട്ടിത്തത്തിന്റെ കൗതുകങ്ങളും ചിരികളുമായി 'മീറ്റ് യുവർ കളക്ടർ 2.0' ശിശുദിന പ്രത്യേക അധ്യായം. കളക്ടറേറ്റിലെ എക്സിക്യൂട്ടീവ് ഹാളിൽ നടന്ന പരിപാടിയിൽ
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് നവോദയ അങ്കണവാടിയിലെ റിഥവ്, ആരവ്, ആഗ്നേയ്, കാശിനാഥ്, വാസുദേവ്, ഇഷാൻ, സാത്വിക്, ആദിനാഥ്, ഹൃദ്ദിക, ഇഷ, നിവേദ്യ, നിത്യലക്ഷ്മി എന്നീ കുരുന്നുകളും മുളങ്കുന്നത്ത്കാവ് ശങ്കരപുരം അങ്കണവാടിയിലെ ഒ. അദ്വൈത്, സാത്വിക്, ടി.പി. പാർവണ, ആത്മിക പി. മഹേഷ്, മിഹൈല ജിയോ, പി.വി. ഇഷാനി എന്നീ കുരുന്നുകളുമാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് ഒപ്പം പങ്കെടുത്തത്.
നെഹ്റുവിന്റെ ഓർമ്മകൾ നിറയുന്ന പാട്ടുകളും വിശേഷങ്ങളുമായി വേദി സജീവമാക്കിയ കുരുന്നുകളോടൊപ്പം നഴ്സറി പാട്ടുകളും താരാട്ടുപാട്ടുകളും പാടി ജില്ലാ കളക്ടർ സമയം ചെലവഴിച്ചു.
കുരുന്നുകൾക്കും ഒപ്പമെത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും അതൊരു നവ്യാനുഭവമായി മാറി.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുഞ്ഞുങ്ങളോടും റോസാപ്പൂക്കളോടുമുള്ള ചാച്ചാജിയുടെ സ്നേഹം ഓർമ്മിപ്പിക്കുന്ന തരത്തിൽ വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച്, നെഞ്ചിൽ റോസാപ്പൂവും കുത്തിയാണ് കുരുന്നുകൾ എത്തിയത്.
സമ്മാനമായി ബാഗും കേക്കും മിട്ടായികളും ഏറ്റുവാങ്ങി നിറഞ്ഞ സന്തോഷത്തോടെയാണ് കുരുന്നുകൾ മടങ്ങിയത്; ഒപ്പം ഒരുപിടി നല്ല ഓർമ്മകളുമായി രക്ഷിതാക്കളും അധ്യാപകരും.
- Log in to post comments