Skip to main content

പൈപ്പ് ലൈൻ വഴി പ്രകൃതി വാതക കണക്ഷൻ ലഭിച്ചവർ എൽ.പി.ജി. കണക്ഷൻ സറണ്ടർ ചെയ്യണം

 

പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി വാതക കണക്ഷൻ (PNG) ലഭിച്ചിട്ടുള്ള ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ചേർത്തല മുനിസിപ്പാലിറ്റി, വയലാർ, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ എന്നിവിടങ്ങളിലെയും അമ്പലപ്പുഴ താലൂക്കിലെ മാരാരിക്കുളം സൗത്ത്,ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെയും  എല്ലാ ഗാർഹിക ഉപഭോക്താക്കളും തങ്ങളുടെ നിലവിലുള്ള ഗാർഹിക എൽ.പി.ജി  കണക്ഷനുകൾ ഉടൻ സറണ്ടർ ചെയ്യണമെന്ന്  ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ  അറിയിച്ചു. പുതുക്കിയ ചട്ടങ്ങൾ (LPG Amendment Order 2026) പ്രകാരം, പി.എൻ.ജി കണക്ഷൻ നിലവിലുള്ള വീടുകളിൽ ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ കൈവശം വയ്ക്കുന്നതും റീഫിൽ ചെയ്യുന്നതും പുതിയ കണക്ഷനുകൾ എടുക്കുന്നതും നിയമവിരുദ്ധമാണ്. പി.എൻ.ജി (പൈപ്പ് ലൈൻ നാച്ചുറൽ ഗ്യാസ്) കണക്ഷൻ ലഭിച്ച് 30 ദിവസത്തിനുള്ളിൽ എൽ.പി.ജി കണക്ഷൻ സറണ്ടർ ചെയ്യേണ്ടതാണ്. സറണ്ടർ ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ https://mypngd.in എന്ന വെബ് പോർട്ടൽ വഴി ഓൺലൈനായി എൽ.പി.ജി കണക്ഷന്  അപേക്ഷിക്കാം. ബന്ധപ്പെട്ട എൽ.പി.ജി ഏജൻസിയിൽ നേരിട്ടെത്തി സറണ്ടർ അപേക്ഷ നൽകാം. സബ്സ്ക്രിപ്ഷൻ വൗച്ചർ (SV), തിരിച്ചറിയൽ രേഖ (ആധാർ), ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയോടൊപ്പം സിലിണ്ടറും റെഗുലേറ്ററും ഏജൻസിയിൽ തിരികെ ഏൽപ്പിക്കണം. സിലിണ്ടറും റെഗുലേറ്ററും തിരികെ നൽകുമ്പോൾ ലഭിക്കുന്ന ടെർമിനേഷൻ വൗച്ചർ കൈപ്പറ്റേണ്ടതും, തുടർന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുന്നതുമാണ്. പി എൻ ജി  കണക്ഷൻ ലഭിച്ചതിന്  ശേഷവും  അനർഹമായി എൽ.പി.ജി സിലിണ്ടറുകൾ കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നു ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date