Skip to main content

ശബരിമല തീര്‍ത്ഥാടനം: അയ്യപ്പഭക്തരുടെ ആരോഗ്യസുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങള്‍

22 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ സജ്ജം

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് വിപുലമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള പ്രധാന തീര്‍ത്ഥാടന പാതകളിലും ഇടത്താവളങ്ങളിലും ആശുപത്രികളിലും 24 മണിക്കൂറും ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രധാന ആശുപത്രികളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കി.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രധാന ആശുപത്രികള്‍ക്ക് പുറമേ നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, കരിമല തുടങ്ങിയ തീര്‍ത്ഥാടന പാതകളിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കും വിദഗ്ധ ചികിത്സയ്ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കി.

തീര്‍ത്ഥാടന പാതകളില്‍ സ്ഥാപിച്ചിട്ടുള്ള 22 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തോടൊപ്പം പ്രാഥമിക ചികിത്സ, അടിസ്ഥാന ജീവന്‍രക്ഷാ സഹായം, ഓക്‌സിജന്‍ നില, രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും.

അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനായി സാധാരണ ആംബുലന്‍സുകള്‍, 108 ആംബുലന്‍സ് സേവനം, ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ഓഫ്‌റോഡ് ആംബുലന്‍സുകള്‍, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവയും വിന്യസിച്ചിട്ടുണ്ട്.

പ്രധാന കേന്ദ്രങ്ങളില്‍ വിപുലമായ ചികിത്സാ സൗകര്യങ്ങള്‍

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ജനുവരി 21 വരെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലായി 63 കിടക്കകളും 14 ഐ.സി.യു. കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തീയേറ്റര്‍, ലബോറട്ടറി, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജനുവരി 21 വരെ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിയോളജി കേന്ദ്രങ്ങളില്‍ ഹൃദയസംബന്ധമായ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യങ്ങളും വെന്റിലേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

കോന്നി മെഡിക്കല്‍ കോളജില്‍ 30 ഓക്‌സിജന്‍ കിടക്കകളുള്ള പ്രത്യേക ശബരിമല വാര്‍ഡും ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും തീര്‍ത്ഥാടകര്‍ക്കുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാമ്പുകടിയേറ്റുള്ള ചികിത്സയ്ക്കായി ആന്റിവെനം, പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ-ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്.

അഞ്ച് ജില്ലകളിലും പ്രത്യേക ആരോഗ്യസേവനങ്ങള്‍

ഇടുക്കി ജില്ലയില്‍ വണ്ടിപ്പെരിയാര്‍, പീരുമേട്, കുമളി, പുല്ലുമേട്, മുക്കുഴി, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലും മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുല്ലുമേട്ടില്‍ പകല്‍സമയത്ത് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും. തിരക്കേറിയ ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെയും നിയോഗിക്കും.

കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട.് കോട്ടയം മെഡിക്കല്‍ കോളജ് ടെര്‍ഷ്യറി കെയര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും. ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സകള്‍ ഇവിടെ സൗജന്യമായി ലഭ്യമാക്കും. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും 24 മണിക്കൂര്‍ സേവനവും ഐ.സി.യു, കാര്‍ഡിയാക് കെയര്‍ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. എരുമേലിയിലും കാളകെട്ടിയിലും താല്‍ക്കാലിക ഡിസ്‌പെന്‍സറികളും മെഡിക്കല്‍ സംഘങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ വഴിയും മറ്റു യാത്രാമാര്‍ഗങ്ങളിലൂടെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഇതിലൂടെ ലഭ്യമാക്കും.

ഭക്ഷ്യസുരക്ഷയ്ക്കും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും പ്രത്യേക ശ്രദ്ധ

തീര്‍ത്ഥാടനകാലത്ത് ഭക്ഷ്യസുരക്ഷ, ശുദ്ധമായ കുടിവെള്ളം, പരിസരശുചിത്വം, പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങിയ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ശുചിത്വവും സുരക്ഷിതമായ ഭക്ഷണവിതരണവും ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണം

തീര്‍ത്ഥാടനം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ വ്രതകാലത്തും മുടക്കാതെ കഴിക്കണം. ആവശ്യമായ മരുന്നുകള്‍ കൈവശം കരുതുകയും വേണം. പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള മലകയറ്റം സ്വന്തം ശാരീരികശേഷിക്കനുസരിച്ച് സാവധാനത്തിലാക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും വേണം.

നെഞ്ചുവേദന, ശ്വാസതടസ്സം, അമിതമായ ക്ഷീണം, തലകറക്കം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ മലകയറ്റം ഉടന്‍ നിര്‍ത്തി അടുത്തുള്ള അടിയന്തര വൈദ്യസഹായ കേന്ദ്രത്തിലെ സേവനം തേടണം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ച് യാത്ര തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.

തിളപ്പിച്ചാറിയതോ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതോ ആയ കുടിവെള്ളം മാത്രം ഉപയോഗിക്കുക. ശുചിത്വമുള്ള ഭക്ഷണം കഴിക്കുകയും നിര്‍ജലീകരണം ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. കൈകളുടെ ശുചിത്വം പാലിക്കുക, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കുക എന്നിവയും പ്രധാനമാണ്. പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടന്‍ വൈദ്യസഹായം തേടണം.

അടിയന്തര വൈദ്യസഹായത്തിനായി 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെല്‍പ്ലൈന്‍ നമ്പറായ 04735 203232 ലും ബന്ധപ്പെടാം.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ആരംഭം മുതല്‍ ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സുരക്ഷിതമായി മടങ്ങുന്നതുവരെ ആവശ്യമായ ആരോഗ്യപരിരക്ഷയും സമയബന്ധിതമായ അടിയന്തര ചികിത്സയും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
 

date