Skip to main content

തീര്‍ത്ഥാടനകാലത്ത് വിപുലമായ മുന്നൊരുക്കങ്ങളും വികസന-ശുചീകരണ പ്രവര്‍ത്തനങ്ങളുമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്

ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തീര്‍ത്ഥാടനകാലം സുഗമവും സുരക്ഷിതവുമാക്കുന്നതിനുമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകള്‍, പൊതുസ്ഥലങ്ങള്‍, തീര്‍ത്ഥാടകര്‍ കൂടുതലായി എത്തിച്ചേരുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ നിര്‍മ്മലം - ശബരിമല മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേക പ്രാധാന്യം നല്‍കി 34 താല്‍കാലിക ശുചീകരണ തൊഴിലാളികളെ നിയമിക്കുകയും ഹരിതകര്‍മ്മസേനയെ വിന്യസിച്ച് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് പൊതുസ്ഥലങ്ങളില്‍ വാട്ടര്‍ എ.ടി.എം, പൊതുശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ബോധവല്‍ക്കരണവും പരിശോധനകളും നടത്തി.  ബോട്ടില്‍ ബൂത്തുകളും ബിന്നുകളും സ്ഥാപിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍, തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ആറ് കടവുകള്‍ വൃത്തിയാക്കി 13 ലൈഫ് ഗാര്‍ഡുമാരെ നിയമിച്ചു. ആരോഗ്യവകുപ്പ്, പോലീസ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ് എന്നിവയുമായി ഏകോപനം നടത്തിയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളങ്ങളിലൊന്നായ പെരുനാട് പഞ്ചായത്തില്‍ തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തവിധം ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനാണ് പഞ്ചായത്ത് മുന്‍ഗണന നല്‍കുന്നത്.

date